
കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവറാണ് വിഷ്‌ണു. എറണാകുളം അങ്കമാലിയില്‍ കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. ആനയുടെ രണ്ടാം പാപ്പാനും പരിക്കേറ്റിട്ടുണ്ട്. കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
മയ്യനാട് അരുണിമ പാര്‍ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. രാവിലെയാണ് ആനയെ എത്തിച്ചത്. സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനായിട്ടാണ് ആനയെ എത്തിച്ചത്. ആനയെ ഇതുവരെ തളച്ചിട്ടില്ല. ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.
