
കൊൽക്കത്ത: പശ്ചിമബംഗാളിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിൽ സൂപ്പർവൈസർമാരായും അസിസ്റ്റൻ്റുമാരായും കേന്ദ്ര സർക്കാർ, പൊതുമേഖലാ ജീവനക്കാരെ ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് എതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിലപാട്.
പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി തൃണമൂൽ കോൺഗ്രസിന്റെ ഹർജി പരിഗണിച്ചത്. എന്നാൽ കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലർ ചട്ടവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി പറഞ്ഞു.
തൃണമൂലിന്‍റെ ഹർജി കൽക്കട്ട ഹൈക്കോടതി മുൻപ് തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 15 ബൂത്തുകളിൽ റീപോളിംഗ് പുരോഗമിക്കുകയാണ്. “പുറത്തുനിന്നുള്ള നിരീക്ഷകരെയും” ബംഗാളിനെ പരിചയമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെയും ടിഎംസി പ്രവർത്തകരെ ലക്ഷ്യം വച്ചുള്ള രീതിയിൽ വിന്യസിച്ചിട്ടുണ്ടെന്ന് മമത ബാനർജി ആരോപിച്ചിരുന്നു.
