
ആന്ധ്രപ്രദേശിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഏഴരക്കിലോ കഞ്ചാവുമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആര്യനാട് സ്വദേശി പ്രശാന്ത് (31) വെള്ളറട പോലീസിന്റെ പിടിയിലായി. അതിർത്തിയിലെ തമിഴ്നാട് ചെക്ക്പോസ്റ്റ് കടന്നാണ് ഇയാൾ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചത്.
പരിശോധനയ്ക്കിടെ പോലീസ് വാഹനം തടഞ്ഞപ്പോൾ, അത് ഇടിച്ചുതെറിപ്പിച്ച് കടന്നുകളയാൻ പ്രതി ശ്രമിച്ചു. എന്നാൽ സമീപത്തുണ്ടായിരുന്ന രണ്ട് ടിപ്പർ ലോറികളുടെ സഹായത്തോടെ പോലീസ് പ്രതിയെ തടയുകയും സാഹസികമായി പിടികൂടുകയുമായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ ഈ പരിശോധനയിൽ പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
