Press Club Vartha

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20,028 ആണ് മെയ് ഒന്ന് വരെയുള്ള സർവീസ് വോട്ടുകളുടെ എണ്ണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ആകെ 58,984 സര്‍വീസ് വോട്ടുകളാണുളളത്.

സർവീസ് വോട്ടുകൾ പൂർത്തിയാക്കുമ്പോഴാണ് ഫൈനൽ കൗണ്ട് വരികയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. പെരുമാറ്റചട്ടം മെയ് 6 വരെ ബാധകമാണ്. തെറ്റായ ഫലം നൽകിയാൽ നിയമനടപടി ഉണ്ടാകുമെന്നും രത്തൻ യു ഖേൽക്കർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വോട്ടെണ്ണൽ നാളെ രാവിലെ എട്ടു മണിയ്ക്ക് ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. പോസ്റ്റൽ ബാലറ്റ് വോട്ടുകൾ ആയിരിക്കും ആദ്യം എണ്ണുന്നത്. വോട്ട് എണ്ണലിനായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കും.

സംസ്ഥാനത്ത് 140 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ, പോലീസ് കേന്ദ്ര സേന ഉൾപ്പെടെ കേന്ദ്രങ്ങളിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഫലം പ്രഖ്യാപിക്കാൻ വൈകിട്ട് 5 മണിയാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐഡി കാർഡ് മുഖേന മാത്രമായിരിക്കും. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ വിജയാഘോഷം ജില്ലാ ഭരണകൂടങ്ങൾക്ക് വിലക്കാം.

രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. മാത്രമല്ല തെറ്റായ തെരഞ്ഞെടുപ്പ് ഫലം നൽകിയാൽ നിയമനടപടിയുണ്ടാകും. തിരക്ക് കൂട്ടരുത് എന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

Share This Post
Exit mobile version