
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ പവര്‍കട്ടില്ലാത്ത കേരളം അവകാശവാദം തള്ളിക്കളഞ്ഞ് രംഗത്തെത്തിയ കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം. ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ മാളത്തില്‍ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോണ്‍ഗ്രസ് സൂക്ഷിക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. പദവിയില്‍ ഇരുന്നപ്പോള്‍ ഉള്ള അഴിമതികള്‍ അന്വേഷിക്കുമോ എന്ന ഭയമാണ് ബിജു പ്രഭാകറിന്റെ കോണ്‍ഗ്രസ് പ്രേമത്തിന് പിന്നിലെന്നും തൊഴിലാളി വിരുദ്ധനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുതെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.
പത്തു വര്‍ഷം പവര്‍കട്ടില്ലായിരുന്നുവെന്ന ഇടതു സര്‍ക്കാരിന്റെ വാദം ശരിയല്ലെന്ന പരാമര്‍ശത്തിലൂടെയാണ് ബിജു പ്രഭാകര്‍ കഴിഞ്ഞ ദിവസം വിവാദ പുരുഷനായത്. ‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരുമറിയാതെ വൈദ്യുതി നിയന്ത്രണം നടത്തിയിരുന്നതായി ബിജു പ്രഭാകര്‍ പറഞ്ഞത്. ലോഡ് ഷെഡിങ്ങിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കിയിരുന്നു.
വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണല്‍ എന്‍ജിനീയര്‍മാര്‍ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. ജനങ്ങള്‍ അറിയാതെ തന്നെ പവര്‍കട്ട് ചെയ്യാന്‍ സാധിക്കും. പത്തുവര്‍ഷം ലോഡ് ഷെഡിങ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. താന്‍ ഉള്ള സമയത്ത് രഹസ്യമായി ലോഡ് ഷെഡിങ് നടത്തിയിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു