Press Club Vartha

പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിയുന്നു; ഇനി താമസം ചിന്ത ഫ്‌ളാറ്റില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന്‍ അടുത്ത ദിവസം തന്നെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയും. കുടുംബത്തിനൊപ്പം എകെജി സെന്ററിനു സമീപത്തുള്ള ചിന്താ ഫ്ളാറ്റിലെ മൂന്നാം നിലയിലെ 3എ, 3ബി മുറികളിലേക്കാവും പിണറായി വിജയന്‍ മാറുക. പിബി അംഗങ്ങള്‍ക്ക് പാര്‍ട്ടി അനുവദിക്കുന്നതാണു ചിന്ത ഫ്ളാറ്റിലെ മുറി. ക്ലിഫ് ഹൗസില്‍ ഇപ്പോള്‍ ഒപ്പമുള്ള പ്രിയപ്പെട്ട നായ റോബിനെയും കുടുംബം ഒപ്പം കൂട്ടും. അതേസമയം പശുക്കളെയും മറ്റും എന്തു ചെയ്യണമെന്നു തീരുമാനിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം ചൊവ്വാഴ്ച രാവിലെയാണ് കുടുംബത്തോടൊപ്പം കണ്ണൂരില്‍നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു തിരിച്ചെത്തിയത്. ഭാര്യയും മകളും പേരമകനും പിണറായിക്ക് ഒപ്പമുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്താല്‍ പിണറായി വിജയന് ഔദ്യോഗിക വസതിയും മറ്റു സൗകര്യങ്ങളും ലഭിക്കും.

മികച്ച കന്നുകാലി ഇനങ്ങളിലൊന്നായ സഹിവാള്‍ ഉള്‍പ്പെടെ 4 പശുക്കളാണ് ക്ലിഫ് ഹൗസിലുള്ളത്. ജഴ്സി, വെച്ചൂര്‍, ഹോള്‍സ്റ്റീന്‍ ഇനത്തില്‍പ്പെട്ടതുമുണ്ട്. കന്നുക്കുട്ടികള്‍ മൂന്നെണ്ണം. ദിവസവും 8 മുതല്‍ 12 ലീറ്റര്‍ വരെ പാലും ലഭിക്കുന്നുണ്ട്. പാവല്‍, പടവലം, കോവല്‍, വെണ്ട, പയര്‍, തക്കാളി തുടങ്ങിയവയ്ക്കു പുറമേ ശീതകാല പച്ചക്കറികളും അലങ്കാരച്ചെടികളും കൃഷി ചെയ്യുന്നുണ്ട്. റോസ് മുതല്‍ ഓര്‍ക്കിഡും റമ്പൂട്ടാനും വരെ ക്ലിഫ് ഹൗസ് വളപ്പിലുണ്ട്. നൂറില്‍പ്പരം ചെടികള്‍. ഇതെല്ലാം നോക്കാന്‍ ജീവനക്കാരുമുണ്ട്.

Share This Post
Exit mobile version