
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി ഘടകങ്ങളെയും മുന്നണികളെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് അവർക്ക് പറയാനുള്ളത് കേട്ട് തുടർനടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്. തോൽവിക്ക് കാരണം രാഷ്ട്രീയ സംഘടന പരമായ പ്രശ്നങ്ങൾ, എതിരായ പ്രചാരവേല തുടങ്ങിയവയാണെന്ന് അദേഹം പറഞ്ഞു. മെയ്, ജൂണ്‍ മാസത്തോടെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും വിളിച്ചുചേര്‍ത്ത് എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കുകയും അത് മുഖവിലയ്‌ക്കെടുക്കുകയും ചെയ്യും.
മുഴുവൻ ഏരിയ കമ്മിറ്റികളും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു കൊണ്ട് യോഗം ചേരുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ലോക്കൽ കമ്മിറ്റി ചേരും. ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ബ്രാഞ്ച് യോഗങ്ങൾ ചേരും. ഇത് പരിശോധിച്ചാകും തിരഞ്ഞെടുപ്പ് വിലയിരുത്തൽ.
മുൻപും തിരിച്ചടികളിൽ തിരുത്തി തിരിച്ചു വന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് ശേഷം ആദ്യമായാണ് എംവി ഗോവിന്ദൻ വാർത്താസമ്മേളനം നടത്തുന്നത്. പാർട്ടിക്കെതിരെ വലിയ പ്രചാരണ വേലകൾ നടക്കുന്നു. അതിനെ എല്ലാം അതിജീവിക്കും. വീണ്ടും അധികാരത്തിൽ വരാൻ സാധിക്കുന്ന മുന്നണിയാണ് എൽഡിഎഫ്. അതിന് സാധ്യമാകുന്ന തിരുത്തലുകൾ വരുത്തും.
തിരിച്ചടിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രാഥമിക പരിശോധനയാണ് നടന്നത്. വരും ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
