
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ പെരുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വിഡി സതീശൻ. ചേരി തിരിഞ്ഞുള്ള അണികളുടെ പ്രതിഷേധ പ്രകടങ്ങളിലാണ് വി ഡി സതീശൻ പ്രതികരിച്ചിരിക്കുന്നത്.
ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി ഡി സതീശന്‍ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.102 സീറ്റുമായി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മള്‍ നേടിയതെന്നും നമുക്കിത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ഡി സതീശന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു.
നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല.
ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.
