Press Club Vartha

മുഖ്യമന്ത്രിക്കായി മാരത്തണ്‍ ചര്‍ച്ച; നിര്‍ണായക തീരുമാനം ഉടന്‍; സാധ്യത കെ.സിക്ക് തന്നെയോ.?

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ തുടരുന്നു. എഐസിസി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ചര്‍ച്ച ആരംഭിച്ചത്. കേരളത്തില്‍ നിന്ന് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കെ.സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എംഎല്‍എമാരുടെ പിന്തുണ മാനദണ്ഡമായി എടുത്ത് കെ.സി വേണുഗോപാലിനെ തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചേക്കും എന്ന് സൂചനയുണ്ട്.

ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട്. വഴങ്ങിയാല്‍ മറ്റു സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. അതേസമയം, ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്ന് ലീഗ് നേതൃത്വം നിലപാട് അറിയിച്ചിട്ടുണ്ട്. അതിനിടെ കാന്തപുരം സമസ്ത വിഭാഗവും കെ.സി വേണുഗോപാലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദം ഇല്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ല എന്ന ശക്തമായ നിലപാടിലാണ് വി.ഡി സതീശന്‍.

മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയ വി.ഡി.സതീശന് എംഎസ്എഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു. അതേസമയം, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ എംഎസ്എഫുകാര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച നേതാക്കള്‍ ഡല്‍ഹിയിലെത്തിയത് രാത്രി പന്ത്രണ്ടരയോടെയാണ്. കേരള ഹൗസിലേക്ക് വി.ഡി.സതീശന്റെ കാര്‍ എത്തിയ ഉടന്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി എത്തി. നേതാക്കള്‍ ഷാള്‍ അണിയിച്ചശേഷം തോളിലേറ്റി കേരള ഹൗസിലേക്ക് എത്തിച്ചു. യുഡിഎഫ് വിജയത്തിലെ സന്തോഷം പങ്കുവച്ച് കേക്ക് മുറിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ വി.ഡി.സതീശന്‍ മുറിയിലേക്കു പോയി. തൊട്ടു പിന്നാലെ എത്തിയ സണ്ണി ജോസഫും മാധ്യമങ്ങളോട് പ്രതികരിക്കാതെ മുറിയിലേക്ക് പോയി.

Share This Post
Exit mobile version