Press Club Vartha

കണിയാപുരത്ത് വെള്ളക്കെട്ടിൽ വീണ ദമ്പതികൾക്ക് രക്ഷകയായി സി.ആർ.പി.എഫ് ഡോക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് വെള്ളക്കെട്ടിൽ വീണ ദമ്പതികൾക്ക് രക്ഷകയായി സി.ആർ.പി.എഫ് ഡോക്ടർ. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പള്ളിപ്പുറം സി.ആർ.പി.എഫ് കോംപോസിറ്റ് ഹോസ്പിറ്റലിലെ ഡെപ്യൂട്ടി കമാൻഡന്റും അനസ്‌തീഷിയോളജിസ്റ്റുമായ ഡോ. പി. വീണയാണ് കനത്ത മഴയെത്തുടർന്ന് റോഡിലുണ്ടായ വെള്ളക്കെട്ടിലെ ഗട്ടറിൽ വീണ ദമ്പതികകളെ രക്ഷപ്പെടുത്തുകയും മറ്റു യാത്രക്കാർക്ക് ഗട്ടറിനെ പറ്റി അവബോധം നൽകുകയും ചെയ്തത്.

​വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾ റോഡരികിലെ മൂടിയിടാത്ത ഗട്ടറിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. ആഴമുള്ള ഗട്ടർ ആയതിനാൽ തന്നെ വെള്ളത്തിനടിയിൽപ്പെട്ട ഇവരുടെ കാലുകൾ മാത്രമാണ് പുറത്തു കണ്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർ ഉടൻ തന്നെ വാഹനം നിർത്തി നാട്ടുകാരോടൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

വീഴ്ചയിൽ ദമ്പത്തികളിൽ ഭാര്യക്ക് തലയ്ക്കു പരിക്കേൽക്കുകയും ഭർത്താവിന്റെ തോളെല്ലിന് (Shoulder) സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്തു. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ സ്ത്രീ പിന്നീട് ബോധം വീണ്ടെടുത്തു. പുരുഷന് ഡോക്ടർ സ്ഥലത്തുവെച്ച് തന്നെ അടിയന്തര പ്രഥമ ശുശ്രൂഷ നൽകി.

തുടർന്ന് ഉടൻ തന്നെ ആംബുലൻസ് സ്ഥലത്തെത്തിച്ച് ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ഹൈയർ സെന്ററിലേക്ക് മാറ്റി. അതിനുശേഷം ഡോക്ടറുടെ നേതൃത്വത്തിൽ അപകടമുണ്ടായ ഗട്ടർ ഭാഗം ഉടൻ തന്നെ അടയാളപ്പെടുത്തി മറ്റു യാത്രക്കാർക്ക് അപകടസാധ്യത ഒഴിവാക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചു.

Share This Post
Exit mobile version