
കോഴിക്കോട്: തെരഞ്ഞെടുപ്പ് റിസള്‍ട്ട് വന്ന് ഇത്ര ദിവസമായിട്ടും മുസ്ലിംലീഗ് ചരിത്രം കുറിച്ച വനിതാ എംഎല്‍എ എന്ന നേട്ടത്തെ കുറിച്ച് ഒരക്ഷരം ഉരിയാടാതെ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്. പിണറായി സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താണ് യുഡിഎഫിന്റെയും ലീഗിന്റെയും ചരിത്ര വിജയം എന്ന് ഫേസ്ബുക്കില്‍ കുറിച്ച സുഹറ മമ്പാട് പക്ഷേ, ഫാത്തിമ തഹ്ലിയയുടെ ചരിത്ര വിജയത്തെ കുറിച്ച് മൗനം പാലിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമുള്ള വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്നതിനെ കുറിച്ചായിരുന്നു സുഹറയുടെ പോസ്റ്റ്. എന്നാല്‍ ലീഗിന്റെ ആദ്യ വനിതാ എംഎല്‍എ ആയ ഫാത്തിമ തഹ്ലിയയെ കുറിച്ച് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല.
വനിതാ ലീഗ് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും പേരാമ്പ്രയില്‍ നിന്ന് വിജയിച്ച ലീഗിന്റെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ എംഎല്‍എയെ കുറിച്ച് മൗനം പാലിക്കുകയാണ് സുഹറ. തഹ്ലിയയെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെ വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പരസ്യമായി രംഗത്തെത്തിയിരുന്നു. തഹ്ലിയ വനിതാ ലീഗ് പ്രതിനിധിയല്ല, യൂത്ത് ലീഗ് ഭാരവാഹിയെന്ന നിലയിലാണ് സീറ്റ് ലഭിച്ചതെന്നാണ് വനിതാ ലീഗില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം.
കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയ വനിതാ ലീഗ് സഹപ്രവര്‍ത്തകരെ ഇത് നിങ്ങളുടെ പോരാട്ടങ്ങളുടെ കൂടി വിജയം. സര്‍ക്കാറിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള വിധിയെഴുത്ത്. തിരഞ്ഞെടുപ്പ് റിസള്‍ട്ടിനു ശേഷമുള്ള വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്നു. പ്രതിപക്ഷത്തിരുന്ന പത്ത് വര്‍ഷവും പ്രതിപക്ഷ സംഘടനയുടെ കടമ വനിതാ ലീഗ് കൃത്യമായി നിര്‍വ്വഹിച്ച് പോന്നിട്ടുണ്ട്. സമരങ്ങള്‍, പ്രക്ഷോപങ്ങള്‍, പ്രതിഷേധങ്ങള്‍ എല്ലാം നല്ലരീതിയില്‍ നടത്താനും പലപ്പോഴും അധികാരികളുടെ കണ്ണ് തുറപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇഅഅ സമരങ്ങള്‍ മുതല്‍ സ്ത്രീപക്ഷ നിലപടുകള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങള്‍ വരെ പലപ്പോഴും അറസ്റ്റുകളും കേസുകളും കൊണ്ട് വേട്ടയാടിട്ടുണ്ട്. സര്‍ക്കാറിനെതിരെ സംസാരിച്ചപ്പോളൊക്കെ ഓണ്‍ലൈനായും ഓഫ്ലൈനായും വ്യക്തിപരമായി അധിക്ഷേപങ്ങള്‍ നേരിട്ടു; ഇജങന്റെ സൈബര്‍ പോരാളികള്‍ മുതല്‍ പൊതുപ്രഭാഷകര്‍വരെ അതില്‍ പങ്ക് ചേര്‍ന്നു.
പ്രതിസന്ധികള്‍ നിറഞ്ഞ ഈ കാലത്ത് തന്നെയാണ് എന്റെ സഹപ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിന് കരുത്തേകുന്ന രൂപത്തില്‍ ഏറ്റവും കൂടുതല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതും, പ്രവര്‍ത്തന ഫണ്ട് സജ്ജമാക്കിയതും, അതിലെല്ലാം ഉപരി അഭിമാനകരമായ രൂപത്തില്‍ വളണ്ടിയര്‍ വിംഗ് പടുത്തുയര്‍ത്തിയതും. ഭരണപക്ഷത്താണെങ്കിലും ഇടതുപക്ഷ സംഘടനകളെ പോലെ ഉറങ്ങിക്കിടക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഇനിയും മികച്ച സംഘടനാ ശേഷിയോടെ, മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോവും. സംഘടനയെ കൂടുതല്‍ ഉന്നതിയില്‍ എത്തിക്കുന്നതോടൊപ്പം കഴിഞ്ഞ കാലങ്ങളില്‍ എല്ലാ പ്രതിസന്ധികളും അതിജീവിച്ച് പ്രവര്‍ത്തിച്ച, ഇന്നും പോരാട്ടം തുടരുന്ന എന്റെ പ്രിയ സഹപ്രവര്‍ത്തകരുടെ ഉയര്‍ച്ചയും പദവിയും ഉറപ്പുവരുത്തേണ്ടത് വ്യക്തിപരമായി എന്റെ ഉത്തരവാദിത്തമായി കണക്കാക്കുന്നു. അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഇനിയും നിക്കള്‍ക്ക് മുന്നില്‍ ഞാനുണ്ടാവും.