
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ അതിക്രമം. യുവാവിനെ മാരകായുധം കൊണ്ട് അതിക്രൂരമായി മർദിച്ചു. സംഭവത്തിൽ രണ്ട് യുവാക്കളെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശികളായ കാശിനാഥൻ (22), ഉണ്ണികൃഷ്ണൻ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. മലയിൻകീഴ് സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ചുനിൽക്കുകയായിരുന്ന യുവാവിനെ പ്രതികൾ അനാവശ്യമായി അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്‍റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
