Press Club Vartha

ഇന്നും വെളുത്ത പുക ഉയരില്ല; മുഖ്യമന്ത്രി പ്രഖ്യാപനം നാളെ.? പ്രഖ്യാപനം കേരളത്തില്‍; ചര്‍ച്ചാ നാടകം തുടരുന്നു

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്നും വെളുത്ത പുക ഉയര്‍ന്നില്ല. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വ്യാഴാഴ്ചയേ ഉണ്ടാകൂ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതോടെ ചര്‍ച്ചകളില്‍ തീരുമാനം ഒന്നുമാകാതെ പിരിഞ്ഞു. തീരുമാനം നാളെ കേരളത്തില്‍ വച്ച് പ്രഖ്യാപിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എംഎല്‍എമാരോട് തലസ്ഥാനത്തെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കേരളത്തിലെത്തും.

പ്രതിസന്ധി നീളുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇന്ന് വൈകുന്നേരം നിര്‍ണായക ചര്‍ച്ച നടന്നിരുന്നു. എന്നാല്‍, ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ മടങ്ങിയതല്ലാതെ തീരുമാനമൊന്നും ഉണ്ടായില്ല. രാഹുലും ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നു തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, അതുണ്ടായില്ല. മുന്‍ കെപിസിസി അധ്യക്ഷന്‍മാരെ അടക്കം വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിട്ടും ഒരു തീരുമാനത്തിലും എത്താന്‍ സാധിച്ചിട്ടില്ല. തിനിടെ വി.ഡി സതീശന് പിന്തുണയുമായി ലീഗ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രിയെ സംബന്ധിച്ച് കോണ്‍ഗ്രസ് പ്രഖ്യാപനം വന്നശേഷം ലീഗിന്റെ തീരുമാനം അറിയിക്കുമെന്നും കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീരുമാനം വൈകില്ലെന്നും ഉത്തരവാദിത്തപ്പെട്ട കാര്യമല്ലേയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Share This Post
Exit mobile version