
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം. കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേൽക്കും. സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തീരുമാനിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.
കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. മുസ്ലീം ലീഗിന്റെ പിന്തുണയാണ് സതീശനെ തുണച്ചത്. 11 ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രി.
