Press Club Vartha

മന്ത്രിയില്ലാത്തത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് വോട്ടെണ്ണല്‍ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവില്‍ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുത്. മന്ത്രിതല ഇടപെടലുകള്‍ അനിവാര്യമായ സമയത്താണ് ഈ പ്രതിസന്ധിയെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ശിവൻകുട്ടി ഇക്കാര്യം വയ്ക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയാണ് നിലവില്‍ സംജാതമായിരിക്കുന്നത്. സംസ്ഥാനത്ത് വോട്ടെണ്ണല്‍ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവില്‍ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകള്‍ അനിവാര്യമായ സമയമാണിത്.
എസ്എസ്എല്‍സി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങളാണ് നിലനിന്നത്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ഈ പ്രക്രിയയില്‍ വ്യക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ മന്ത്രിയുടെ അഭാവം തടസമായി. അതുപോലെ തന്നെ, അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇരിക്കെ സ്‌കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ അവതാളത്തിലായിരിക്കുകയാണ്.

പാഠപുസ്തകങ്ങളുടെ അച്ചടി കൃത്യസമയത്ത് പൂര്‍ത്തിയാക്കി വിതരണം ചെയ്യുന്നതിന് മന്ത്രിതലത്തില്‍ നിരന്തരമായ നിരീക്ഷണവും ഏകോപനവും ആവശ്യമാണ്. എന്നാല്‍ അത്തരം ഇടപെടലുകള്‍ ഇല്ലാത്തത് വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
അധ്യാപക പരിശീലനത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്ര സര്‍ക്കാര്‍ എസ്എസ്‌കെയ്ക്കുള്ള ഫണ്ട് നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങളായി. മുമ്പ് മന്ത്രിതലത്തിലുള്ള സജീവമായ ഇടപെടലുകള്‍ വഴി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രത്യേകമായി പണം ലഭ്യമാക്കിയാണ് അധ്യാപക പരിശീലനവും എസ്എസ്‌കെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ ഉറപ്പാക്കിയിരുന്നത്. ഭരണപരമായ നേതൃത്വത്തിന്റെ അഭാവം ഇപ്പോള്‍ ഈ മേഖലയെയും നിശ്ചലമാക്കിയിരിക്കുകയാണ്.
മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ കാലങ്ങളില്‍ മുന്നോട്ട് പോയിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് ഇത്രയും കാലമായിട്ടും വകുപ്പിനെ നയിക്കാന്‍ ഒരാളില്ലാത്തത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പിന്നോട്ടടി നല്‍കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടായേ മതിയാകൂ.

Share This Post
Exit mobile version