Press Club Vartha

തോല്‍വിയുടെ ഉത്തരവാദിത്തം പോലും ഏറ്റെടുത്തില്ല; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ സിപിഎമ്മില്‍ വിമര്‍ശനം

പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഎമ്മില്‍ കലാപക്കൊടി. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി ഏറ്റെടുത്തില്ലെന്നാണ് ആക്ഷേപം. പ്രായപരിധിയില്‍ ഇളവു നല്‍കിയത് മുഖ്യമന്ത്രിയാകാനാണെന്നും പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും ചില അംഗങ്ങള്‍ പറഞ്ഞു. ഭരണംപോയിട്ടും പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ലെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിലുയര്‍ന്ന വിമര്‍ശനം.

മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമായിരുന്നു. അവരുടെ പ്രവര്‍ത്തനശൈലി ജനങ്ങളെ അകറ്റി. കാര്യമായ തിരുത്തലുകള്‍ വേണം. പാര്‍ട്ടിയെ രക്ഷിക്കാതെ ഭാര്യയെ രക്ഷിക്കാനാണ് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ ശ്രമിച്ചതെന്നും വിമര്‍ശനമുണ്ടായി.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. പിണറായി തന്നെ പ്രതിപക്ഷ നേതാവാകട്ടെയെന്ന നിര്‍ദേശം കേരള നേതൃത്വം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ വച്ചിരുന്നു. പിബിയുടെ അംഗീകാരത്തോടെയാണ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിര്‍ദേശം അവതരിപ്പിച്ചത്. തലമുറമാറ്റം എന്ന നിലയ്ക്കു പുതിയൊരുയൊരു നേതാവിനെ നിയോഗിക്കണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയില്‍ ചിലര്‍ ഉയര്‍ത്തിയെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല.

Share This Post
Exit mobile version