Press Club Vartha

സത്യപ്രതിജ്ഞാവേദിയില്‍ പെരുന്നാളിനുള്ള ആള് വേണ്ട; കടുത്ത നിര്‍ദേശവുമായി ഗവര്‍ണര്‍; വേദിയിലുണ്ടാകുക ഇവര്‍

തിരുവനന്തപുരം: വി.ഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ സത്യപ്രതിജ്ഞാ വേദിയില്‍ ഇരിക്കേണ്ടവരെ കുറിച്ച് കടുത്ത നിര്‍ദേശവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒഴികെ മറ്റാരും വേണ്ടെന്ന് ലോക്ഭവന്‍ നിര്‍ദേശിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രം മതിയെന്ന് ലോക്ഭവന്‍ നിലപാടെടുത്തത്. അതേസമയം, വേദിയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടിലും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സമാനമായ നിര്‍ദേശം നല്‍കിയിരുന്നു, പക്ഷേ, വിജയിയുടെ സത്യപ്രതിജഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. അതേസമയം, നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവര്‍ ചടങ്ങിനെത്തുമെന്നാണ് വിവരം. സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നാളെ നഗരത്തില്‍ രാവിലെ ഏഴ് മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രധാന ഗേറ്റിലൂടെ വിഐപി എന്‍ട്രി മാത്രമായിരിക്കും ഉണ്ടാവുക. രാവിലെ 8 മണിക്കുള്ളില്‍ സ്റ്റേഡിയത്തില്‍ കയറണം. ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടയ്ക്കും. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തില്‍ ആറ് കേന്ദ്രങ്ങളില്‍ എല്‍ഇഡി വാളുകള്‍ ക്രമീകരിക്കും. സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 4 ഗേറ്റ് വഴിയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. ആദ്യ പരിഗണന പാസ് ഉള്ളവര്‍ക്കായിരിക്കും. പിന്നീട് മറ്റുള്ളവരെ പ്രവേശിപ്പിക്കും. നാളെ നാല് മണി ഉച്ചവരെ തലസ്ഥാനത്ത് ഗതാഗത, സുരക്ഷ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കമ്മീഷണര്‍ കാര്‍ത്തിക് അറിയിച്ചു.

Share This Post
Exit mobile version