
തിരുവനന്തപുരം: നീണ്ട അനശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ പട്ടിക തയാർ. ഇന്ന് വൈകിട്ട് ലോക് ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കു പട്ടിക കൈമാറിയ ശേഷം നിയുക്ത മുഖ്യമന്ത്രി സതീശൻ തന്നെയാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്.
വി.ഡി. സതീശൻ നേതൃത്വം നൽകുന്ന 21-അംഗ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത മന്ത്രിസഭ ആണ് ഇതെന്ന് വി ഡി സതീശൻ പറഞ്ഞു. പ്രധാനപ്പെട്ട നേതാക്കളെല്ലാം കൂടി ആലോചിച്ചാണ് മന്ത്രിമാരെ തീരുമാനിച്ചത്. എഐസിസി അംഗീകാരത്തോടെയാണ് പട്ടിക തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ എ തുളസി, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, മോൻസ് ജോസഫ്, കെ എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എം ലിജു തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. സഭയിൽ കോൺഗ്രസിന്‍റെ ഏറ്റവും മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറാകും.
അതേസമയം സത്യപ്രതിജ്ഞ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവർണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവൻ. ലോക്സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു. വേദിയിൽ മറ്റുള്ളവർ പാടില്ലെന്ന് ലോക്ഭവൻ നിര്‍ദ്ദേശം നല്‍കി.
