Press Club Vartha

അബ്ദുല്‍ റഹീമിന്റെ മോചനത്തിന് കണ്ണുംനട്ട് കേരളം; പെരുന്നാളിന് മുന്‍പ് നടപടികള്‍; 20ന് ശിക്ഷാ കാലാവധി അവസാനിക്കും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഈമാസം 20ന് പൂര്‍ത്തിയാകും. ജയില്‍ മോചിതനായി റഹീം നാട്ടിലെത്തുന്നത് കാത്തിരിക്കുകയാണ് കേരളം ഒന്നാകെ. പെരുന്നാളിന് മുന്‍പ് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നാണ് ആലോചിക്കുന്നത്. രണ്ട് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകും. വ്യാഴാഴ്ചയോടെ പെരുന്നാളിന്റെ നീണ്ട അവധിയിലേക്ക് സൗദി കടക്കും. പിന്നീട് അതിന് ശേഷമേ മോചന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകൂ.

ശിക്ഷാ കാലാവധി പൂര്‍ത്തിയായാലുടന്‍ റഹീമിനെ നാട്ടിലേക്ക് കയറ്റി അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുപതാം തിയതിയോടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുകയാണ്. പുറത്തിറങ്ങിയാലുടന്‍ പ്രത്യേക ചാനലിലൂടെ ഡീപോര്‍ട്ട് ചെയ്യുകയാണ് ചെയ്യുക. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാവണം. വൈകലുണ്ടാകാതിരിക്കാന്‍ യാത്ര ചെയ്യാനുള്ള ഔട്ട്പാസ് ഉള്‍പ്പടെ രേഖകള്‍ ഇതിനോടകം തയാറാക്കിയിട്ടുണ്ട്.

അതേസമയം, പുറത്തിറങ്ങുന്നത് വൈകാതിരിക്കാന്‍ അനുകൂലമായ സമീപനം അധികൃതരില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എംബസിയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. റഹീമിന്റെ മോചനത്തിനായി പണം കണ്ടെത്താന്‍ നടന്നത് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ്. പക്ഷേ പിന്നെയും നിയമനടപടിക്രമങ്ങള്‍ നീളുകയായിരുന്നു.

Share This Post
Exit mobile version