
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും. 20 മന്ത്രിമാരും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വെച്ച് അധികാരമേല്‍ക്കും. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ന് പത്ത് മണിക്കാണ് സത്യപ്രതിജ്ഞ.
12000 പേർക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാവുന്ന പന്തലാണ് ഇതിനുവേണ്ടി സജ്ജമാക്കിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു എന്നിവര്‍ സത്യപ്രതിജ്ഞയ്‌ക്കെത്തും. കനത്ത സുരക്ഷയാണ് തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുന്നത്.
വി ഡി സതീശന് പുറമേ കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്‌ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളായ സി പി ജോണ്‍ (സിഎംപി), ഷിബു ബേബി ജോണ്‍ (ആര്‍എസ്പി), അനൂപ് ജേക്കബ് (കേരള ജോണ്‍ഗ്രസ് ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്) എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കും. ഘടക കക്ഷികളുടെ വകുപ്പുകളിലുള്‍പ്പെടെ മാറ്റം ഉണ്ടായേക്കുമെന്നാണ് വിവരം.
