
വാഷിങ്ടൺ: ഇറാനെതിരേ വീണ്ടും ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കരാർ സാധ്യമായില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്നാണ് ട്രംപ് ഭീഷണിമുഴക്കിയിരിക്കുന്നത്. ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക പൂർണസജ്ജമാണെന്നും ഇറാനെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറിയത് ഒരു മണിക്കൂർ മുമ്പു മാത്രമാണ്.
വെടിനിർത്തൽ വിഷയത്തിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണമുണ്ടാകുമെന്നും ട്രംപ് ആവർത്തിച്ചു. കരാറിലെത്താൻ ഇറാൻ അമേരിക്കയോട് യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോണൾഡ‍് ട്രംപ്.
ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇറാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും എന്നാൽ താൻ അത് മാറ്റിവയ്ക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
അതേസമയം സംഭവത്തിൽ പ്രതികരിച്ച് ഇറാൻ രംഗത്തെത്തി. അമെരിക്കയുടെ ഭീഷണിയെ ഭയക്കുന്നില്ലെന്ന് ഇറാൻ വിദേശകാര‍്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്. യുദ്ധം വീണ്ടും ആരംഭിച്ചാൽ അമെരിക്കയ്ക്ക് സർപ്രൈസ് ഉണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തിരിച്ചടി ശക്തമായിരിക്കുമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി.
