Press Club Vartha

കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി.ഡി. സതീശൻ സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. സമരത്തിന് എതിരായ കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി. മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന‍്യു വകുപ്പിന് നിർദേശം നൽകിയെന്നും മുഖ‍്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ ഒന്നിനും സാധിക്കാതെ സാധാരണക്കാരായ ആളുകള്‍ വിഷമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാലാണ് നിലവിലെ തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശൻ പറഞ്ഞു. സിൽവർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ട്.

അതേസമയം, പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി മൂന്നു മാസത്തേക്ക് നീട്ടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നതെന്ന് മുഖ‍്യമന്ത്രി പറഞ്ഞു. സാധാരണ അങ്ങനെ ചെയ്യാറില്ലെന്നും, എന്നാല്‍ തിരഞ്ഞെടുപ്പും മറ്റുമായി ബന്ധപ്പെട്ട് ആ സമയത്ത് ഒരുതരത്തിലുള്ള നിയമനങ്ങളും നടന്നിട്ടില്ലെന്നും ഇത് പല പട്ടികള്‍ക്കും ബുദ്ധിമുട്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നൂറ് ദിവസ കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. വിഷൻ 2031 നടപ്പിലാക്കും. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങൾ വകുപ്പുകൾക്ക് വിഭജിച്ച് നൽകി. പത്മ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യുന്നതിന് വേണ്ടിയുള്ള സബ്കമ്മിറ്റി രൂപീകരിക്കും. ഹൈക്കോടതിയിലെ അഡിഷണല്‍ അഡ്വക്കേറ്റ് ജനറലായി മുഹമ്മദ് ഷായെ നിയമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post
Exit mobile version