Press Club Vartha

തല പോയാലും ഇടതുപക്ഷത്തെ വഞ്ചിക്കില്ല; കെ ടി ജലീൽ

മലപ്പുറം: തല പോയാലും ഇടതുപക്ഷത്തെ വഞ്ചിക്കില്ലെന്ന് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന കെ ടി ജലീൽ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ലെന്നും ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കുമെന്നും കെ.ടി. ജലീൽ പറഞ്ഞു.

പാര്‍ട്ടി വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണവുമായി കെ ടി ജലീൽ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം. തെറ്റുകള്‍ പാര്‍ട്ടി തിരുത്തുമെന്നും പിശകുകള്‍ മറികടന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവരുമെന്നും കെ ടി ജലീൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്‍ക്കും.
അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്‍മുറക്കാരന്‍ സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറും.
കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാര്‍ട്ടി തെറ്റുകള്‍ തിരുത്തും. നേതാക്കളും പ്രവര്‍ത്തകരും പിശകുകളെ മറികടക്കും. ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ ചെറുത്ത് തോല്‍പിക്കും.
സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഞാനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നതെല്ലാം അസംബന്ധങ്ങള്‍. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും. ലാല്‍സലാം….

Share This Post
Exit mobile version