
കൊച്ചി: എറണാകുളം പാരിയത്ത്കാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശം നല്‍കി കോടതി. കുടിയൊഴിപ്പിക്കല്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കലിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്നും നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പിക്കണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവ റൂറല്‍ പൊലീസ് മേധാവിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. അതേസമയം, പാരിയത്ത്കാവ് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആഭ്യന്തര സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാനും ഭാവിയില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വേണ്ട നിര്‍ദേശങ്ങളും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും.
ബുധനാഴ്ച രാവിലെ സുപ്രീംകോടതി നിര്‍ദേശപ്രകാരം അഭിഭാഷക കമ്മീഷന്‍ അഡ്വ.ജയപാലിന്റെ നേതൃത്വത്തില്‍ പാരിയത്ത്കാവ് ഉന്നതിയില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെടുകയും ലാത്തിച്ചാര്‍ജ് നടത്തിയതായും നാട്ടുകാര്‍ ആരോപിച്ചു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരുക്കേറ്റിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച 50ഓളം പേര്‍ക്കെതിരെ തടിയിട്ടപ്പറമ്പ് പൊലീസ് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തു.
പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുന്‍പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാന്‍ ഉറച്ചാണ് നടപടികള്‍ തുടങ്ങിയത്. 60 വര്‍ഷത്തോളം പഴക്കമുള്ള ഭൂമി തര്‍ക്കമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. ആകെയുള്ള 19.30 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ മലയിടംതുരുത്ത് ഉന്നതി സ്ഥിതി ചെയ്യുന്ന 2.65 ഏക്കര്‍ ഭൂമിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ഒഴിപ്പിച്ച ശേഷം അളന്നുതിരിക്കാനായിരുന്നു കോടതി നിര്‍ദേശം. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട ഭൂമിതര്‍ക്കക്കേസില്‍ നാല് വര്‍ഷം മുമ്പ് ഇയാള്‍ക്ക് അനുകൂലമായി വിധി വന്നിരുന്നു. 2023 സെപ്തംബറില്‍ കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അഭിഭാഷകന്‍ കമ്മീഷന്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങി. ഇതിന് പിന്നാലെയാണ് ഇന്നലെ പൊലീസ് സംഘവുമായി അഭിഭാഷക കമ്മീഷന്‍ വീണ്ടുമെത്തി ഒഴിപ്പിക്കല്‍ ആരംഭിച്ചതും സംഘര്‍ഷത്തില്‍ കലാശിച്ചതും.