
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പാറ്റ എന്ന് വിളിച്ചതിനു പിന്നാലെ ജെന്‍ സി യുവതലമുറ രൂപം നല്‍കിയ കോക്രോച്ച് പാര്‍ട്ടി സ്ഥാപകന് വധഭീഷണി. അജ്ഞാത നമ്പരില്‍ നിന്നാണ് വാട്‌സ്ആപ്പ് വഴി അഭിജിത്ത് ദീപ്‌കെയ്ക്ക് വധഭീഷണി എത്തിയത്. നിങ്ങള്‍ക്ക് പണം ലഭിക്കുമെന്നും അക്കൗണ്ട് നിര്‍ത്തലാക്കി ബിജെപിയില്‍ ചേരണമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. അല്ലെങ്കില്‍ അമേരിക്കയില്‍ വച്ച് പോലും നിങ്ങളെ അവര്‍ കൊല്ലുമെന്നാണ് ഒരു ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഭീഷണി സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അഭിജീത്ത് സ്വന്തം എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചു.
മകനെതിരെ ഭീഷണി സന്ദേശം ഉയരുന്നതില്‍ അഭിജിത്തിന്റെ മാതാപിതാക്കളും ആശങ്കയിലാണ്. മകന്റെ സുരക്ഷയെ കുറിച്ചുള്ള പേടി കാരണം തങ്ങളുടെ ഉറക്കം പോലും നഷ്ടപ്പെട്ടുവെന്ന് അവര്‍ പറയുന്നു. ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഇടപെടാതെ ജോലിയില്‍ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ അഭിജീത്തിന് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
”അവന്‍ സുരക്ഷിതമായി വീട്ടിലെത്തണമെന്ന് മാത്രമേ ഞങ്ങള്‍ക്ക് ആഗ്രഹമുള്ളു. രാഷ്ട്രീയത്തില്‍ തുടരണമോ എന്നത് അവന്റെ തീരുമാനമാണ്. പക്ഷേ അവനത് പിന്തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവന്‍ ഞങ്ങളുടെ വാക്ക് കേള്‍ക്കുമോ ഇല്ലയോ എന്ന് അറിയില്ല. ഞാന്‍ അവനെ പിന്തുണയ്ക്കില്ല. ഞാന്‍ അവനെക്കുറിച്ച് ആശങ്കപ്പെടുന്നു” അഭിജീത്തിന്റെ അമ്മ അനിത പറഞ്ഞു.
രൂപീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ 19 മില്യന്‍ ഫോളോവേഴ്‌സിനെ ലഭിച്ചിരുന്നു. നേരത്തെ ആം ആദ്മി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അഭിജീത് ദീപ്‌കെ നിലവില്‍ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ്.