
കൊച്ചി: മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പ്രതിയായ കേസില്‍ മൊഴി മാറ്റിയെന്ന വാര്‍ത്ത നിഷേധിച്ച് കേസിലെ പരാതിക്കാരി. കോടതിയില്‍ താന്‍ മൊഴി മാറ്റിയെന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണ്. പ്രതികള്‍ക്ക് അനുകൂലമായി ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നും രണ്ടു പ്രതികളെ തിരിച്ചറിഞ്ഞതായും പരാതിക്കാരി പറഞ്ഞു. നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണ നടപടികള്‍ അടച്ചിട്ട കോടതി മുറിയില്‍ നടക്കുന്നതിനിടെ പരാതിക്കാരി മൊഴി മാറ്റി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
വിചാരണ നടപടികള്‍ ആരംഭിച്ചതിന്റെ ഭാഗമായി പരാതിക്കാരിയും പ്രതികളും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍, പ്രതികളെ തിരിച്ചറിയല്‍ നടപടിക്കുശേഷം പരാതിക്കാരിക്ക് അസ്വസ്ഥത ഉണ്ടാവുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കേസ് നാളത്തേക്ക് മാറ്റിവെച്ചു. പരാതിക്കാരി അടക്കം നാലുപേര്‍ കൂറുമാറിയെന്നാണ് അതിനിടെ വാര്‍ത്ത വന്നത്. മൊഴി മാറ്റിപ്പറഞ്ഞ ശേഷമാണ് പരാതിക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തിരിച്ചറിയല്‍ നടപടികള്‍ക്കായി നാലുപേര്‍ പ്രതിക്കൂട്ടില്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. അപ്പോഴേക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടനെ തന്നെ മാറ്റിയിരുത്തി. അതിനുശേഷം കേസ് അടുത്ത ദിവസം പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് താന്‍ ആശുപത്രിയിലേക്ക് മടങ്ങിയെന്നും പരാതിക്കാരി പറഞ്ഞു.
നിലവില്‍ കേസുമായി മുമ്പോട്ട് പോകുകയാണ്. കേസില്‍ നിന്ന് പിന്മാറാന്‍ വലിയ സമ്മര്‍ദമുണ്ട്. പ്രതികളെ തിരിച്ചറിയുന്ന നടപടി മാത്രമാണുണ്ടായത്. മൊഴി മാറ്റിയിട്ടില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.