
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് ഏഴു ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റ് വര്‍ധനവുമായി സര്‍ക്കാര്‍. 30% മാര്‍ജിനല്‍ സീറ്റ് വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് വര്‍ധനവുള്ളത്. ഈ ജില്ലകളിലെ സ്‌കൂളുകളില്‍ 20% മാര്‍ജിനില്‍ സീറ്റ് വര്‍ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10% കൂടി വര്‍ധിപ്പിക്കാനും തീരുമാനിച്ചു.
മലപ്പുറം അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ സ്ഥിരമായി കേള്‍ക്കാറുള്ള പരാതിയാണ് പ്ലസ് വണ്‍ സീറ്റ് ക്ഷാമം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി ജയിക്കുന്ന മലപ്പുറത്തടക്കം വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാള്‍ കുറവ് സീറ്റാണ് ഉണ്ടാകാറുള്ളത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍.ഷംസുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സീറ്റ് വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.