
കൊച്ചി: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിലെ 12 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വിചാരണ കോടതി വിധിച്ച 7 വർഷം ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കുകയായിരുന്നു.
രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. 16-ാം പ്രതിക്ക് മൂന്ന് മാസം തടവ് മാത്രമേ വിധിച്ചിരുന്നുള്ളൂ. പതിനാറാം പ്രതി മുനീറിനാണ് ഒരു വർഷം തടവാക്കി ഉയർത്തിയത്. അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.
രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി കുരിക്കൾ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, 12ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് വർധിപ്പിച്ചത്.
പ്രതികൾക്കുമേൽ പട്ടികജാതി-വർഗ പീഡന നിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു.
