
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ വിവാദങ്ങൾ ആളിപടരുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തി. കേൽക്കറുടെ നിയമനം തികച്ചും സ്വാഭാവികമായ ഭരണനടപടി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേത്. നിലവിലെ വിവാദത്തിന് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുൻപ് ഇത്തരത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന നളിനി നെറ്റോയുടെ നിയമനം കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്തുണ നൽകി.
എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. രത്തന്‍ യു ഖല്‍ക്കറാണോ യുഡിഎഫിനെ ജയിപ്പിച്ചത്. കേൽക്കറിനെതിരെ എന്ത് ആരോപണമാണ് നിലവിലുള്ളതെന്ന് വി ഡി സതീശൻ ചോദിച്ചു. തെരഞ്ഞെടുപ്പ് നടത്തിയാൽ അതോടെ സി ഇ ഒയുടെ ജോലി തീരുകയാണെന്നും അത് കഴിഞ്ഞാൽ പിറ്റേ ദിവസം അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കണമെന്നാണോ വിവാദം ഉണ്ടാക്കുന്നവർ പറയുന്നതെന്നും സതീശൻ ചോദിച്ചു.
ഐ റ്റി സെക്രട്ടറി ആയി മുൻ മുഖ്യമന്ത്രിക്ക് കീഴിൽ പ്രവർത്തിച്ച ആളാണ് ഖേൽക്കർ. നികുതി കമ്മീഷണറായും അന്നത്തെ ധനമന്ത്രിക്ക് കീഴിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേൽക്കർ മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണ്. പിണറായി വിജയൻ സർക്കാറാണ് കേൽക്കറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
