Press Club Vartha

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ഒഴുക്കില്‍പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി; മൂന്നുപേര്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് കാവടിക്കടവില്‍ ഒഴുക്കില്‍പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മൂന്ന് സൈനികരെ നാട്ടുകാര്‍ തുടക്കത്തില്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കോഴിക്കോട് മാവൂര്‍ പെരുവയല്‍ മേലെ ഇരിപ്പോളില്‍ സുജിത്ത് (34) ആണ് മരിച്ചത്. സുജിത്തിനൊപ്പമുണ്ടായിരുന്ന അഭിജിത്, ജോണ്‍ ബ്രിട്ടോ, ശ്രീഷ് എസ്. നായര്‍ എന്നിവരാണ് രക്ഷപ്പെട്ടത്. എല്ലാവരും പാങ്ങോട് സൈനിക ക്യാംപിലെ സൈനികരാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ അപകടത്തില്‍പെട്ട സുജിത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. കാവടിക്കടവ് ആറ്റിനു സമീപം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു അപകടം.

സുജിത്ത് ഉള്‍പ്പെടെയുള്ളവര്‍ ആറിനു സമീപത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ആറിനടുത്തേക്ക് പോയ ഒരാള്‍ ആറ്റില്‍ വീണു. ഇതുകണ്ടു ഇയാളെ രക്ഷിക്കുന്നതിനായാണ് സുജിത്ത് ഉള്‍പ്പെടെയുള്ളവര്‍ ആറ്റിലേക്ക് ചാടിയത്. ഇതോടെ 4 പേരും ഒഴുക്കില്‍പെടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മറ്റു മൂന്നു പേരെ രക്ഷിച്ചത്. മുങ്ങിത്താണ സുജിത്തിനായി ആദ്യം നാട്ടുകാരും പിന്നീട് ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് വെള്ളിയാഴ്ച അരുവിക്കര ഡാമില്‍ നിന്നുള്ള ഷട്ടറുകള്‍ താഴ്ത്തി നീരൊഴുക്ക് കുറച്ച ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. ഫയര്‍ഫോഴ്‌സ് സ്‌കൂബ സംഘം നടത്തിയ തിരച്ചിലില്‍ സുജിത്ത് മുങ്ങിത്താണ സ്ഥലത്ത് നിന്നും 500 മീറ്റര്‍ മാറി പാറയിടുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സൈനികര്‍ എത്തിയ സമയം ആറില്‍ വെള്ളം കരകവിഞ്ഞ് ഒഴുകുന്ന നിലയായിരുന്നു. കടവില്‍ നിന്ന് ആറ്റിലേക്ക് ഇറങ്ങുന്ന ഭാഗത്തും ആറ്റില്‍ പലയിടങ്ങളിലായും ചുഴിയുണ്ട്. കൂട്ടുകാരനെ രക്ഷിക്കാനായി ഇറങ്ങി സുജിത്ത് ചുഴിയില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

Share This Post
Exit mobile version