Press Club Vartha

ഗവർണറുടെ നയപ്രഖ്യാപനത്തിൽ വൻ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നടന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പാർലമെന്‍റ് കാര്യമന്ത്രി സണ്ണി ജോസഫ് എന്നിവർ ചേർന്ന് ഗവർണറെ ആനയിച്ചു. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിനും ഇതോടെ തുടക്കമായി. മലയാളത്തിൽ നമസ്കാരം പറഞ്ഞാണ് ഗവർണർ നയപ്രഖ്യാപനം ആരംഭിച്ചത്. ലോകഭവന്റെ നിർദേശം തള്ളി വന്ദേമാതരം മുഴുവൻ ഭാഗവും വായിച്ചില്ല. മുഴുവൻ ഭാഗം വായിക്കണ്ടെന്ന് മുഖ്യമന്ത്രി സ്പീക്കർക്ക് നിർദേശം നൽകി.

ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്. സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തുന്നത്. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഇന്ദിരാഗ്യാരണ്ടി ആവർത്തിച്ച് യുഡിഎഫ് സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ദവളപത്രം ഇറക്കുമെന്ന് അറിയിച്ചു. ഇന്ദിരാഗ്യാരണ്ടിക്കു പുറമേ സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി, സർക്കാർ, സ്വകാര്യ മേഖലകളിൽ ആറു മാസം വരെ പ്രസവ അവധി, വഖഫ് ബോർഡ് നവീകരണം, ഗവേഷക വിദ്യാർഥികൾക്ക് കൂടുതൽ സ്കോളർഷിപ്പ്, തീർഥാടന ടൂറിസത്തിന്‍റെ വിപുലീകരണം തുടങ്ങിയ വൻ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തിൽ ഇടം പിടിച്ചിരിക്കുന്നത്.

കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ട് പോകും. മനുഷ്യ മൃഗ സംഘർഷങ്ങൾ കുറയ്ക്കും. നിക്ഷേപ സൗഹൃദ സമീപനം ഉറപ്പാക്കും. വയോജന വകുപ്പ് ഇന്ത്യയിൽ ആദ്യം. സഹകരണ മേഖല ശക്തമാക്കും. പ്രസംഗത്തിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം പരാമർശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു. സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. കൂടാതെ പ്രസവ അവധി നിർബന്ധമാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു. സർക്കാർ സ്വകാര്യ മേഖലകളിൽ 6 മാസം വരെ പ്രസവാവധി നിർബന്ധമാക്കുമെന്നാണ് നയപ്രഖ്യാപനം.

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി. മാനുഷികതയില്‍ ഊന്നിയ, സുതാര്യമായ ഭരണമാണ് ലക്ഷ്യമിടുന്നത്. ക്ലീന്‍ ഗവര്‍ണേന്‍സ് എന്നതായിരിക്കും സര്‍ക്കാര്‍ മുദ്രാവാക്യമെന്നാണ് നയപ്രഖ്യാപനം.

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1,000 രൂപ നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്, കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും.

Share This Post
Exit mobile version