
കൊച്ചി: യാദൃശ്ചികതകള്‍ നിറഞ്ഞ പൊതുജീവിതത്തിന് വിരാമമിട്ട് ടി.യു കുരുവിള വിടവാങ്ങി. 90-ാമത്തെ വയസ്സില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 9.15ഓടെയായിരുന്നു അന്ത്യം. മൃതദേഹം ജന്‍മനാടായ കോതമംഗലത്തെത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നടക്കും. വി.എസ് സര്‍ക്കാര്‍ മന്ത്രിസഭയില്‍ മന്ത്രിയും രണ്ടുതവണ എംഎല്‍എയും ആയിട്ടുണ്ട്. കീരംപാറ പഞ്ചായത്ത് പ്രസിഡണ്ടായും കോതമംഗലം നഗരസഭാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നിയങ്കത്തില്‍ തന്നെ എംഎല്‍എയും മന്ത്രിയും ആകാന്‍ ഭാഗ്യം സിദ്ധിച്ച നേതാവാണ് കുരുവിള.
തദ്ദേശ സ്ഥാപന രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള കുരുവിള സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. 2006-ല്‍ കോതമംഗലം മണ്ഡലത്തില്‍ മത്സരിച്ചു കൊണ്ടാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ്. അന്ന് എല്‍ഡിഎഫിനൊപ്പമുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലായിരുന്നു കുരുവിള. കോണ്‍ഗ്രസിന്റെ ശക്തനായ വി.ജെ പൗലോസിനെ അട്ടിമറിച്ച് കന്നിയങ്കത്തില്‍ തന്നെ നിയമസഭയിലേക്ക്. അതേ കാലത്ത് തന്നെ മന്ത്രിസഭയിലേക്കും. മണ്ഡലം രൂപീകൃതമായ ശേഷം ഇടതുമുന്നണി നേടുന്ന രണ്ടാമത്തെ മാത്രം വിജയമായിരുന്നു അത്.
അതേവര്‍ഷം തന്നെ വിമാനയാത്രാ വിവാദത്തെ തുടര്‍ന്ന് പി.ജെ.ജോസഫ് രാജിവച്ച ഒഴിവിലേക്ക് അദ്ദേഹത്തിന്റെ വിശ്വസ്തനായ ടി.യു.കുരുവിള അപ്രതീക്ഷിതമായി നാമനിര്‍ദേശം ചെയ്യപ്പെടുകയും വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ലയിച്ച് യുഡിഎഫിന്റെ ഭാഗമായതോടെ 2011ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോതമംഗലത്തു നിന്ന് 12,222 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അദ്ദേഹം വീണ്ടും നിയമസഭയിലെത്തി. മന്ത്രിയാകുന്നതിനും മുന്നേ 14 വര്‍ഷക്കാലം കീരംപാറ പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം കോതമംഗലം നഗരസഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായും നഗരസഭാപിതാവായും പ്രവര്‍ത്തിച്ചു. ഈ ജനകീയ അടിത്തറയാണ് പില്‍ക്കാലത്ത് കേരള രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് അദ്ദേഹത്തെ നയിച്ചത്. മന്ത്രിസ്ഥാനത്തിന് പുറമെ കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, റബ്ബര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും അദ്ദേഹം മികവ് തെളിയിച്ചു.
1936 സെപ്റ്റംബര്‍ 13ന് കോതമംഗലം ഊന്നുകല്ലില്‍ ചേലാട് തോമ്പ്രയില്‍ ഉതുപ്പിന്റെയും മറിയത്തിന്റെയും മകനായി ജനിച്ച ടി.യു.കുരുവിള, സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ ശേഷമാണ് പൊതുരംഗത്തേക്ക് സജീവമായി ഇറങ്ങുന്നത്. അടിത്തട്ടില്‍ നിന്നും കെട്ടിപ്പടുത്തതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. രാഷ്ട്രീയത്തിന് പുറമെ സാമൂഹിക, സമുദായ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു കുരുവിള. യാക്കോബായ സുറിയാനി സഭയുടെ മുന്‍ അല്‍മായ സെക്രട്ടറിയായിരുന്ന അദ്ദേഹത്തെ സഭയുടെ പരമോന്നത ബഹുമതികളായ ‘ഷെവലിയാര്‍’, ‘ബാറീത്തോ ശാറീറോ’ പദവികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. വൈ.എം.സി.എ, ലയണ്‍സ് ക്ലബ്ബ് എന്നിവയിലും രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം സജീവമായിരുന്നു. ചിന്നമ്മയാണ് ഭാര്യ. റീന, രേണു, റെമി, ഡോ. രേഖ, എല്‍ദോ എന്നിവര്‍ മക്കളാണ്.