
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കാനുള്ള നീക്കത്തിനെതിരെ മുന്‍ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ. മൂന്നു ദിവസം ആര്‍ത്തവ അവധി നല്‍കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനം പെണ്‍കുട്ടികള്‍ക്ക് നാണക്കേടാണെന്ന് ആര്‍.ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും സ്‌കൂളും നാട്ടുകാരും എല്ലാം എപ്പോഴാണ് ഒരു പെണ്‍കുട്ടിക്ക് ആര്‍ത്തവം എന്ന വിവരം അറിയുമെന്നും ശ്രീലേഖ പറയുന്നു. ഇത് കുട്ടികള്‍ക്ക് നാണക്കേടുണ്ടാക്കും. ഇതാണോ മെന്‍സ്ട്രുവല്‍ ഡിഗിനിറ്റി എന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വിദ്യാര്‍ഥിനികള്‍ക്ക് 3 ദിവസം വരെ എല്ലാ മാസവും ആര്‍ത്തവ അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ നയം ശരിക്കും പെണ്‍കുട്ടികളെ ശക്തരാക്കുമോ അതോ കൂടുതല്‍ അബലകള്‍ ആക്കുമോ? ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതില്‍ ചിലര്‍ക്ക് ചില വേദനയും ബുദ്ധിമുട്ടുമൊക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാന്‍ ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞു സ്‌കൂളിലോ കോളജിലോ പോകാതിരുന്നിട്ടില്ല.
ഐപിഎസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളില്‍ നിന്ന് ആ ദിവസങ്ങളില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോള്‍ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി! എന്നാല്‍ ഇപ്പോള്‍ മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആര്‍ത്തവം എന്ന്! ഇതാണോ മെന്‍സ്ട്രല്‍ ഡിഗ്‌നിറ്റി. നാണക്കേടല്ലേ?
ഇതുപോലുള്ള സൗജന്യങ്ങള്‍ക്ക് പകരം എല്ലാ സ്‌കൂളിലും കോളജിലും പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും നല്‍കാന്‍ ഏര്‍പ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കില്‍ സൗജന്യ വേദന സംഹാരി മരുന്നുകള്‍ വിദ്യാലയങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും. ഒരു പെണ്‍കുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാന്‍ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാന്‍ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയില്‍ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ല.