Press Club Vartha

നവീന്‍ ബാബു മരണം സിബിഐ അന്വേഷിച്ചേക്കും; സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍; നടപടി കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടേക്കും. സിബിഐ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ വൈകാതെ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ച നവീന്റെ ഭാര്യ മഞ്ജുഷ, മക്കളായ നിരഞ്ജന, നിരുപമ എന്നിവരെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇക്കാര്യം അറിയിച്ചതായാണ് സൂചന. നവീന്റെ മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനവും നല്‍കും.

അന്വേഷണം സിബിഐക്കു വിടണമെന്നു ദീര്‍ഘനാളായി കുടുംബം ആവശ്യപ്പെടുന്നതാണെങ്കിലും മുന്‍ സര്‍ക്കാര്‍ അതിനു തയാറായിരുന്നില്ല. സിപിഐഎം നേതൃത്വം വെട്ടിലായ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ എതിര്‍ത്തു. മൂത്ത മകള്‍ക്ക് ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടായിട്ടും നല്‍കിയതുമില്ല.

ഈ സാഹചര്യത്തിലാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ മഞ്ജുഷയും കുടുംബവും മുഖ്യമന്ത്രി വി.ഡി സതീശനെ സമീപിച്ചത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ കോള്‍ ഡീറ്റെയില്‍സ് പൂര്‍ണമായി റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചില്ല. ദിവ്യ ഉപയോഗിച്ച 2 ഫോണുകളുടെയും 2024 ജനുവരി 16 മുതല്‍ നവംബര്‍ 15 വരെയുള്ള കോള്‍ ഡീറ്റെയില്‍സ് ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. പ്രോസിക്യൂഷന്‍ സമയം ചോദിച്ചതിനെത്തുടര്‍ന്ന് കേസ് ജൂണ്‍ ഒന്നിലേക്കു മാറ്റിയിരിക്കുകയാണ്.

Share This Post
Exit mobile version