
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിന്റെ നെറുകയിൽ ഒരു പൊൻതൂവൽ കൂടി. കേരള സർവകലാശാല നടത്തിയ ബി.കോം ബിരുദ പരീക്ഷയിൽ (2023–26) തിളക്കമാർന്ന നേട്ടമാണ് കോളേജ് സ്വന്തമാക്കിയിരിക്കുന്നത്. കോളേജിലെ കൊമേഴ്സ് ബിരുദാനന്തര ബിരുദവിഭാഗം ഒന്നാം റാങ്ക് ഉൾപ്പെടെ മൂന്ന് പ്രധാന റാങ്കുകളാണ് കരസ്ഥമാക്കിയത്.
കോളേജിന്റെ യശസ്സ് ഉയർത്തി അമീന ഷായാണ് ബികോം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. അമീന ഷാ ഒൻപത് പോയിന്റിലധികം സി.ജി.പി.എ (CGPA 9.100) നേടിക്കൊണ്ടാണ് സർവകലാശാലയിൽ ഒന്നാം റാങ്കിന് (A+ Grade) അർഹയായത്. ഒന്നാം റാങ്കിന് പുറമെ അഞ്ചാം റാങ്കും പതിനാലാം റാങ്കും നേടി വിദ്യാർഥികൾ കോളേജിന്റെ പേരും പെരുമയും ഉയർത്തി.
കോളേജിലെ മറ്റ് വിദ്യാർത്ഥികളായ സുബഹാന ബിയാണ് (CGPA 8.815) അഞ്ചാം റാങ്ക് നേടിയത്. അതുപോലെ ഷിഫ സുലാഫ് എസ്.എസ് (CGPA 8.631) പതിനാലാം റാങ്കും നേടി. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ ചിട്ടയായ പരിശീലനവും അക്കാദമിക മികവുമാണ് ഇങ്ങനെ ഒരു നേട്ടം കരസ്ഥമാക്കാൻ സഹായകമായത്.
കോളേജ് മാനേജ്‌മെന്റും സ്റ്റാഫും പി.ടി.എയും കൊമേഴ്സ് വിഭാഗത്തെ അഭിനന്ദിച്ചു. വകുപ്പു മേധാവി ഡോ. ആൻസി റാഹിലയുടെ നേതൃത്വത്തിൽ സ്ഥിരാധ്യാപകരുടെ കഠിനപ്രയത്നമാണ് മികച്ച വിജയം നേടാൻ ഇടയായത്. റാങ്ക് ജേതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങളും നേർന്നു.
