
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തടയണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ഇ.ഡി അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേസായതിനാല്‍ അപ്പീല്‍ ഹര്‍ജിയില്‍ വേഗത്തില്‍ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാമെന്ന് രണ്ടംഗ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.
മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടുകോടിയിലധികം രൂപ കൈപ്പറ്റിയതിന് തെളിവുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. എന്നാല്‍, മറ്റൊരു ഏജന്‍സിയുടെ എഫ്‌ഐആറോ ഇഡിക്ക് അന്വേഷിക്കാവുന്ന പ്രെഡിക്കേറ്റ് ഒഫന്‍സോ നിലവിലില്ലാത്ത സാഹചര്യത്തില്‍ പിഎംഎല്‍എ പ്രകാരമുള്ള അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു സിഎംആര്‍എല്ലിന്റെ വാദം. എസ്എഫ്‌ഐഒ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അതിനെ അന്തിമ റിപ്പോര്‍ട്ടായി കാണാന്‍ കഴിയില്ലെന്നും കമ്പനി കോടതിയില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസങ്ങളില്‍ ബംഗളൂരു ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളില്‍ ലഭിച്ച നിര്‍ണായക വിവരങ്ങളും രേഖകളും ആവശ്യമെങ്കില്‍ ഹൈക്കോടതിക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിശദമായി പരിശോധിക്കാനും സിഎംആര്‍എല്ലിലെ ഉന്നത ഉദ്യോഗസ്ഥരെയും മാനേജ്മെന്റിനെയും ചോദ്യം ചെയ്യാനുമാണ് ഇഡിയുടെ നീക്കം.