Press Club Vartha

മുരുക്കുംപുഴ തോപ്പ് മുക്ക് – വരിക്കുമുക്ക് റോഡിൽ ഓട നിർമ്മാണം ആരംഭിച്ചു

കഴക്കൂട്ടം: ചിറയിൻകീഴ് – കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന് പരിഹാരമായി മുരുക്കുംപുഴ തോപ്പ് മുക്ക് മുതൽ വരിക്കുമുക്ക് വരെയുള്ള ഭാഗത്ത് പി.ഡബ്ല്യു.ഡി ഓട നിർമ്മാണം ആരംഭിച്ചു. മാധ്യമ വാർത്തകളെത്തുടർന്നും, പ്രദേശത്തെ ‘ജനകീയ കൂട്ടായ്മ’യുടെയും സാമൂഹ്യ പ്രവർത്തകരുടെയും നിരന്തര ഇടപെടലിനെത്തുടർന്നുമാണ് നടപടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കരാർ നൽകിയെങ്കിലും പണി നീണ്ടുപോയ സാഹചര്യത്തിൽ, പുതിയ സർക്കാർ വന്നതോടെ നാട്ടുകാർ എം.എൽ.എ രമ്യ ഹരിദാസിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ ഫലമായാണ് ഇന്നലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ​എം.എൽ.എ രമ്യ ഹരിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മിനി ജയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ അജിത, വൈസ് പ്രസിഡന്റ് കവിത, വാർഡ് മെമ്പർ മൻസൂർ, ജനകീയ കൂട്ടായ്മ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. ബാക്കി ഓടകളുടെ നിർമ്മാണം, ദേശായി ഫ്ലാറ്റിലെ മലിനജല പ്രശ്നം, മംഗലപുരം പഴയ ദേശീയപാതയിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ, അങ്കണവാടി നിയമനങ്ങളിലെ അപാകതകൾ എന്നിവ പരിഹരിക്കണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനകീയ കൂട്ടായ്മയും എം.എൽ.എയോട് ആവശ്യപ്പെട്ടു. ഈ കാര്യങ്ങൾ അനുഭാവപൂർവ്വം നടപ്പിലാക്കാമെന്ന് എം.എൽ.എ ഉറപ്പുനൽകി.

Share This Post
Exit mobile version