
കഠിനംകുളത്ത് എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി
കഴക്കൂട്ടം: കഠിനംകുളത്ത് വൻ ലഹരിമരുന്ന് ശേഖരവുമായി പിടിയിലായ പ്രതി പൊലീസിനെയും ഡാൻസാഫ് സംഘത്തെയും വെട്ടിച്ച് കടന്നുകളഞ്ഞു. വലിയൊരു ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയും ചേരമാൻ തുരുത്ത് ഗവ. എൽ.പി. സ്കൂളിന് മുന്നിലുള്ള അസ്ജർ മൻസിലിൽ അസ്ജറാണ് (36) പൊലീസിനെ വെട്ടിച്ച് നാടകീയമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഇയാളുടെ വീട്ടിലെ കിടപ്പുമുറിയിൽ റൂറൽ ഡാൻസാഫ് സംഘവും കഠിനംകുളം പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ 86.900 ഗ്രാമോളം വരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ. പിടിച്ചെടുത്തിരുന്നു. തുടർന്ന് പ്രതിയെ വീട്ടിൽനിന്ന് പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ കൊണ്ടുപോകുന്നതിനിടയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. പൊലീസുകാരുടെ പിടിയിൽ നിന്ന് പെട്ടെന്ന് കൈ തട്ടിമാറ്റി, വീടിന് പിന്നിലെ മതിൽ ചാടിക്കടന്ന് ഇരുട്ടിന്റെ മറവിലേക്ക് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ സ്ഥലത്തെത്തി ചേരമാൻ തുരുത്ത്, കൊട്ടാരം തുരുത്ത്, പുതുക്കുറിച്ചി പ്രദേശങ്ങളിൽ രാത്രിയിൽ ടോർച്ചുകളുമായി അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. ചതുപ്പും കായൽക്കെട്ടുകളും നിറഞ്ഞ പ്രദേശമായതിനാൽ പ്രതി വളരെ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. റൂറൽ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ ബുധനാഴ്ച പുലരുവോളം പ്രദേശത്ത് തിരച്ചിൽ തുടർന്നുവെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടാണ് നിലവിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ അസ്ജറിനായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ ലഹരികേസിൽ നിരവധിപേരെയാണ് കഠിനംകുളം പൊലീസ് വലയിലാക്കിയത്, പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ആ വിവരം പൊലീസുമായി പങ്കുവെക്കണമെന്ന അഭ്യർത്ഥനയും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്.
