കഴക്കൂട്ടം: ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിലായി. കൊല്ലം തൃക്കരുവ സ്വദേശിയും ആക്രി കാരനുമായ വിജയകുമാറാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. കഴക്കൂട്ടം നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 .30 ഓടെയാണ് സംഭവം നടന്നത്.
മരിച്ച ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കരിക്ക് വില്‍പനക്കാരനുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനായ വിജയകുമാറുമായി തര്‍ക്കമുണ്ടായത്. ഭുവനചന്ദ്രന്‍ നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന്‍ കാര്‍ക്കിച്ച് തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.
ഭുവനചന്ദ്രനെ ആക്രിക്കാരന്‍ ചവിട്ടി എന്നാണ് ദൃക്‌സാക്ഷികളുടെ ആരോപണം. കരള്‍ രോഗത്തിന് ഈയിടെ ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രന്‍. വയറില്‍ ശക്തമായ ചവിട്ടേറ്റതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പിടിയിലായ കൊല്ലം സ്വദേശിയായ ആക്രിക്കാരന്‍ ഭിന്നശേഷിക്കാരനാണ്. സംഭവശേഷം സമീപത്തെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ഇയാള്‍ കൊല്ലത്തേയ്ക്കുള്ള ബസില്‍ കയറി കൊല്ലത്ത് പോയി. തുടർന്ന് പോലീസിന് ലഭിച്ച ഫോട്ടോ വെച്ചാണ് പ്രതിയെ പിടികൂടിയത്.