മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുട്ടിനെ കാമുകി റിയാചക്രബർത്തിയും സുഹൃത്തുക്കളും ചേർന്ന് ലഹരി മരുന്നിന് അടിമയാക്കിയെന്ന് എൻസിബി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. 2020 മാർച്ച് മുതൽ ഡിസംബർ വരെ പ്രതികൾ ഗൂഢാലോചന നടത്തുകയും വലിയ തോതിൽ ലഹരി മരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തെന്നാണ് എൻസിബിയുടെ കണ്ടെത്തൽ.
ഇടപാടുകൾക്ക് സുശാന്തിന്‍റെ അക്കൗണ്ടിലെ പണം ഉപയോഗിച്ചെന്നും എൻസിബി അധിക കുറ്റപത്രത്തിൽ പറയുന്നു.
ആകെ 35 പ്രതികളാണ് കേസിലുള്ളത്. 2018 മുതൽ സുശാന്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. നടന്‍റെ ഫ്ലാറ്റ് മേറ്റ് സിദ്ധാർത്ഥ് പിതാനി ഉൾപ്പെടെയുള്ള പ്രതികളാണ് നടനെ മയക്കുമരുന്നിന് വലിയ അടിമയാക്കിയതെന്നാണ് കണ്ടെത്തൽ.
സുശാന്തിന്‍റെ കാമുകി റിയ ചക്രവർത്തി, അവളുടെ സഹോദരൻ ഷോവിക്, അന്തരിച്ച നടന്‍റെ രണ്ട് ജീവനക്കാര്‍ എന്നിവർ സുശാന്തിന് മയക്കുമരുന്ന് വാങ്ങിക്കൊടുത്തുവെന്നാണ് ആരോപണം. 2018 മുതൽ സുശാന്ത് തന്‍റെ ജീവനക്കാർ ഉൾപ്പെടെ വിവിധ വ്യക്തികൾ വഴി പതിവായി മയക്കുമരുന്ന് എത്തിക്കുമായിരുന്നു.പൂജ സാമഗ്രി”എന്ന പേരിലാണ് ഇവര്‍ മയക്കുമരുന്ന് വാങ്ങിയതെന്ന് എന്‍ബിസി കുറ്റപത്രം പറയുന്നു.