കുരങ്ങ് പനി എന്നാൽ കുരങ്ങുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രീതിയിലുള്ള ഒരു ജന്തുജന്യ രോഗമല്ല. ഇത് പ്രധാനമായും ആഫ്രിക്കൻ കാടുകളിൽ കാണുന്ന എലി അണ്ണാൻ വർഗത്തിൽപ്പെട്ട (ആഫ്രിക്കൻ ഡോർമോസ്, റോപ് സ്ക്യുരൽ, ഗാംമ്പിയൻ പോച്ച്ഡ് റാറ്റ്, മങ്കാബേ) ജീവികളിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. 1958ൽ രോഗലക്ഷണങ്ങളുള്ള ഒരു കുരങ്ങനിൽ നടത്തിയ പരിശോധനയിലാണ് ഈ വൈറസിനെ കണ്ടെത്തിയത് എന്നതുകൊണ്ടാണ് ഈ രോഗത്തെ മങ്കിപോക്സ് എന്ന് വിളിക്കുന്നത്.
മനുഷ്യരിലേക്ക് ഈ രോഗം വരാനുള്ള ഒരുകാരണം ആഫ്രിക്കൻ കാടുകളിൽ കാണുന്ന നേരത്തേ പറഞ്ഞ ജീവികളെ വളർത്തുമൃഗങ്ങളായി ഉപയോഗിക്കുന്നത് കൊണ്ടാണ് (എക്സോട്ടിക് പെറ്റ്) . ഇന്ത്യയിലായാലും കേരളത്തിലായാലും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കുരങ്ങുകൾ രോഗവാഹകരാകാനുള്ള സാധ്യത തീരെ കുറവാണ്. നമ്മുടെ നാട്ടിൽ കാണുന്ന എലി, അതുപോലെ കൃഷിയിടങ്ങളിൽ കാണുന്ന പെരുച്ചാഴി എന്നിവയൊക്കെ ഇതിന്റെ റിസർവോയർ ആയേക്കാം.1970ൽ രോഗം ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ച ശേഷം ആഫ്രിക്കൻ രാജ്യങ്ങളിൽ പലപ്പോളായി ചെറിയ രീതിയിൽ ഈ രോഗവ്യാപനം നടന്നിട്ടുണ്ട്. പരിസ്ഥിതിയിലും സാമൂഹ്യ ജീവിതത്തിലും ഉണ്ടായ മാറ്റങ്ങൾ അതായത്, വനനശീകരണം, പാർപ്പിട സൗകര്യങ്ങൾ കുറയുക, കാലാവസ്ഥാ വ്യതിയാനം, ജനസാന്ദ്രത, ദാരിദ്ര്യം, 1972ൽ തന്നെ സ്മോൾ പോക്സ് വാക്സിൻ നൽകുന്നത് നിർത്തിയത്. അങ്ങനെ പല കാരണങ്ങൾ കൊണ്ടാവാം ഇത് സംഭവിക്കുന്നത്. സ്മോൾ പോക്സ് വാക്സിൻ ഈ രോഗത്തിനെതിരെ 85 ശതമാനത്തിലധികം രോഗപ്രതിരോധ ശേഷി നൽകും എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.
1972ന് ശേഷം സ്മോൾ പോക്സ് വാക്സിൻ നൽകാത്തതിനാൽ പ്രതിരോധ ശക്തി ഇല്ലാത്ത വലിയ ഒരു ജനവിഭാഗം തന്നെ ഇപ്പോൾ ഉണ്ട്. ഇവരിലേക്ക് ഈ വൈറസ് കടന്ന് വന്നാൽ വലിയ രീതിയിലുള്ള രോഗവ്യാപനം നടക്കാം. വെസ്റ്റ് ആഫ്രിക്കൻ ക്ലെയിഡും സെൻട്രൽ ആഫ്രിക്കൻ ക്ലെയിഡും ഇങ്ങനെ രണ്ട് രീതിയിലുളള വകഭേദങ്ങളാണ് കണ്ടിട്ടുള്ളത്. ഇതിനോട് സാമ്യമുള്ള വകഭേദങ്ങളാണ് പോർച്ചുഗൽ ബെൽജിയം ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. രോഗലക്ഷണങ്ങളിലും രോഗം കാണുന്ന രീതിയിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. അതുപോലെ തന്നെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ നിരക്കും കൂടി. അതുകൊണ്ട് തന്നെ പൂർണമായ ജനിതക പഠനങ്ങൾ പുറത്തുവരേണ്ടതുണ്ട്. ജനിതക വ്യതിയാനം സംഭവിച്ചതിന്റെ സാധ്യത തള്ളിക്കളായാനാവില്ല.
സാധാരണ ഗതിയിൽ രോഗം വരുന്നതിന് രണ്ടുമുതൽ നാല് ദിവസം വരെ രോഗിക്ക് പനി, ശരീരവേദന, അസഹ്യമായ ക്ഷീണം എന്നിവയാണ് കാണിക്കുക. അതിന് ശേഷം രോഗിയെ മുഴുവൻ വിരൂപനാക്കുന്ന രീതിയിലാണ് ഈ രോഗം വന്നിരുന്നത്. ശരീരം മുഴുവൻ ചിക്കൻ പോക്സ് പോലെ കുമിളകൾ പൊങ്ങുകയും അത്തരം കുമികളകൾ പ്രധാനമായും മുഖത്തും കൈകളിലും കാലുകളിലുമാണ് കാണുകയും ചെയ്യുന്നത്. അത് പോലെ തന്നെ കഴലവീക്കവും ഇതിന്റെ ഒരു പ്രധാന ലക്ഷണമണ്. കൂടാതെ ലൈംഗികാവയങ്ങളിലും മലദ്വാരത്തിലും ഉൾപ്പടെ ഇതിന്റെ കുമിളകൾ പരക്കുകയും ചെയ്യും. ഇത്തരം വലിയ കുമിളകൾ ശരീരത്തിൽ കാണാതെ തന്നെ ലൈംഗികവയവങ്ങളിലും മലദ്വാരത്തിലും മാത്രം ചെറിയ കുരുക്കളായി കാണപ്പെടാം . അതുകൊണ്ട് സിഫിലിസ്, ഗൊണോറിയ, ഹെർപ്പസ് തുടങ്ങിയ ലൈംഗിക രോഗങ്ങളായി ഇതിനെ തെറ്റിദ്ധരിക്കപ്പെടുന്നു .
മറ്റൊരു പ്രശ്നം ഗുഹ്യഭാഗത്ത് മാത്രം ഉണ്ടാവുന്ന കുരുക്കൾ ആളുകൾ തുറന്ന് പറയണമെന്നില്ല. ഇത്തരം ആളുകൾ രോഗം വ്യാപനത്തിനുള്ള സാധ്യത വളരെ കൂട്ടും.നേരത്തെ മങ്കിപോക്സ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപകമായി പടർന്നിട്ടില്ലെങ്കിലും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏകദേശം 30 ശതമാനം കേസുകളിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം നടന്നതായാണ് കാണുന്നത്. അതിലുപരി നമ്മളെ ആശങ്കപ്പെടുത്തുന്നത് നേരത്തെയെല്ലാം ഒരു രോഗിയിൽ നിന്ന് സമ്പർക്കത്തിലൂടെ വരുന്ന കേസുകളായിരുന്നു കണ്ടിരുന്നത്.
അതെല്ലെങ്കിൽ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കായിരുന്നു രോഗം വന്നത്. എന്നാൽ യൂറോപ്പിൽ ഇപ്പോൾ രോഗം സ്ഥിരീകരിച്ച രോഗികൾക്ക് മങ്കി പോക്സ് വന്നവരുമായി സമ്പർക്കമോ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിലൂടെ സഞ്ചരിച്ചതിന്റെ ഹിസ്റ്ററിയോ ഇല്ല. അതിനാൽ തന്നെ ഈ രാജ്യങ്ങളിൽ ഈ വൈറസിന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടാവാം എന്ന ആശങ്കയാണ് പുറത്തു വരുന്നത്. കുരങ്ങുപനി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന നിരക്കും മരണ നിരക്ക് വളരെ കുറവാണ്.
ഇപ്പോൾ പരക്കുന്ന വകഭേദത്തിന്റെ മരണ നിരക്ക് ഏകദേശം ഒരു ശതമാനത്തോടടുത്ത് മാത്രമാണ്. അതുകൊണ്ട് തന്നെ ഈ രോഗം വലിയ രീതിയിലുളള മരണ സാധ്യത ഉണ്ടാക്കുകയില്ല. ഇപ്പോൾ ഏകദേശം 200നടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിൽ ഗുരുതര അവസ്ഥയിലേക്ക് പോവുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നതും ആശ്വാസമാണ്. എന്നിരുന്നാലും ഇന്ത്യ പോലെ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഒരാൾക്ക് രോഗം വന്നാൽ പണ്ട് വസൂരി പടർന്ന പോലെ ഈ രോഗവും പടരാനുള്ള സാധ്യത കൂടുതലാണ്.