മുഹമ്മദ് ഖാദർ നവാസ്
പ്രമുഖ പാക്കേജ്ഡ് ഫുഡ് ആന്‍ഡ്സ്‌പൈസസ് ബ്രാന്‍ഡായ ‘നിറപറ’യുമായി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ കരാറില്‍ ഒപ്പുവച്ചു.
ജിസിസി രാജ്യങ്ങളിലെ വിപണിയില്‍ മുന്‍നിരക്കാരായ നിറപറയുമായുള്ള നിര്‍ണായക ഉടമ്പടിയോടെ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍, പാക്കേജ്ഡ് ഫുഡ്സ്-സ്പൈസസ് വിഭാഗത്തില്‍ പ്രമുഖ സ്ഥാനത്തെത്തും.
ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എഫ്എംസിജി കമ്പനികളിലൊന്നായ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്, ജനപ്രിയ പരമ്പരാഗത ഭക്ഷണ ബ്രാന്‍ഡായ നിറപറയുമായി കരാര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലെയും ഫുഡ് ബിസിനസ്സിലേക്കുള്ള വിപ്രോയുടെ മുന്‍കാല പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം. ലഘുഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍, റെഡി ടു കുക്ക് വ്യവസായം എന്നിവയില്‍ ഒരു പ്രധാന സ്ഥാനം നേടാൻ കമ്പനി ലക്ഷ്യമിടുന്നു.
വിപ്രോയുടെ പതിമൂന്നാം പങ്കാളിത്തമാണ് നിറപറ. ഇത് സുഗന്ധവ്യഞ്ജനങ്ങളിലും റെഡി ടു കുക്ക് വിഭാഗത്തിലും കമ്പനിക്ക് വ്യക്തമായ ചുവടുവെപ്പ് നല്‍കുന്നു. എന്‍ചാന്റിയര്‍, യാര്‍ഡ് ലി ലണ്ടന്‍, സന്തൂര്‍ തുടങ്ങിയ മികച്ച ബ്രാന്‍ഡുകളുള്ള വിപ്രോയ്ക്ക് ജിസിസി രാജ്യങ്ങളില്‍ കാര്യമായ സാന്നിധ്യമുണ്ട്. ഈ ഐക്കണിക് ബ്രാന്‍ഡുകളുടെ പട്ടികയിലേക്ക് നിറപറയും ഇനി ചേര്‍ക്കപ്പെടും. എഫ്എംസിജിയില്‍ സമഗ്രമായ ഒരു മേഖല തുറക്കുന്നതിനായി വിപ്രോ കണ്‍സ്യൂമര്‍ നിറപറയുമായി കൈകോര്‍ത്ത്, മികച്ച ഗുണനിലവാരത്തിന്റെ പര്യായമായ സുഗന്ധദ്രവ്യങ്ങളും റെഡിടുകുക്ക് ഉല്‍പ്പന്നങ്ങളും വിപുലമായ ഭക്ഷ്യ ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കും.
1976ല്‍ ആരംഭിച്ച നിറപറ, അതിന്റെ മിശ്രിതമായ മസാലകള്‍, പ്രത്യേകിച്ച് സാമ്പാര്‍ പൊടി, ചിക്കന്‍ മസാല എന്നിവയ്ക്ക് പേരുകേട്ടതാണ്. നിറപറയുടെ റെഡി ടു കുക്ക് പുട്ടുപൊടിയും ഏറെ പ്രശസ്തമാണ്. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഉപയോഗിക്കുന്ന ജനപ്രിയ ബ്രാന്‍ഡുകളിലൊന്നാണ് നിറപറ. ഇത് അവരുടെ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. ഇതു മനസ്സിലാക്കി നിറപറ കയറ്റുമതിയില്‍ ജിസിസി രാജ്യങ്ങളില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു.
നിറപറയുടെ അന്താരാഷ്ട്ര വരുമാനത്തിന്റെ 82% ജിസിസി രാജ്യങ്ങളില്‍ നിന്നാണ്. കമ്പനിയുടെ ജിസിസി ബിസിനസിന്റെ 40% യുഎഇയില്‍ നിന്നും 30% സൗദി അറേബ്യയില്‍ നിന്നുമാണ്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിറപറ ഉല്‍പന്നങ്ങള്‍ക്ക് വ്യാപകമായ സ്വീകാര്യതയാണുള്ളത്.