Press Club Vartha

കോവളത്തെ അപകടം റേസിങ് അല്ലെന്ന് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: കോവളത്തെ അപകടം റേസിങ് അല്ലെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. കോവളം ബൈക്കപകടവുമായി ബന്ധപ്പെട്ട് നാട്ടുകാർ പറഞ്ഞതല്ല കാരണമെന്ന് ഉദോഗസ്ഥർ പറയുന്നു. അപകടം റേസിങ്ങിനിടെയല്ലെന്നും ബൈക്കിന്റെ അമിതവേഗം മൂലമാണെന്നും മത്സരയോട്ടത്തിന് തെളിവില്ലെന്നും എംവിഡി അറിയിച്ചു. ബൈക്ക് 100 കിലോമീറ്ററോളം വേഗത്തിലാണ് അപകടസമയത്ത് പാഞ്ഞത്. വീട്ടമ്മ ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടന്നതും അപകടത്തിനു കാരണമായെന്ന് എംവിഡി റിപ്പോർട്ടിൽ പറയുന്നു.

ഞായറാഴ്ച രാവിലെ 8 നുണ്ടായ അപകടത്തിൽ പനത്തുറ തുരുത്തി കോളനിയിൽ അശോകന്റെ ഭാര്യ സന്ധ്യ (53) അപകട സ്ഥലത്തു മരിച്ചു. ബൈക്ക് ഓടിച്ച പൊട്ടക്കുഴി ഗിരിദീപത്തിൽ അരവിന്ദ് (24) ചികിത്സയിലിരിക്കെ വൈകിട്ട് 3.50 നും മരിച്ചു. റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ ബിനുവിന്റെ ഏക മകനാണ്. അരവിന്ദും കൂട്ടുകാരും കോവളം തീരത്ത് ഇൻസ്റ്റഗ്രാം റീൽ തയാറാക്കി മടങ്ങുമ്പോഴാണ് അപകടം.

Share This Post
Exit mobile version