Press Club Vartha

മാരകായുധങ്ങളുമായി എത്തിയ 3 കുപ്രസിദ്ധ ഗുണ്ടകൾ കഠിനംകുളത്ത് പിടിയിൽ

കഴക്കൂട്ടം: ആയുധങ്ങളുമായി എത്തിയ കുപ്രസിദ്ധ ഗുണ്ടകൾ കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായി. ഗുണ്ടാ ആക്ടിൽപ്പെട്ട് ജയിലിൽ കഴിയുകയും രണ്ട് ദിവസം മുൻമ്പ് ജയിൽ മോചിതനാവുകയും ചെയ്ത തുമ്പ സ്വദേശി ലിയോൺ ജോൺസൺ (33), കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി വിജീഷ് (36), കുളത്തൂർ സ്റ്റേഷൻകടവ് സ്വദേശി അഖിൽ (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ലിയോൺ ജോൺസൺ 28 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ വർഷം തുമ്പയിൽ യുവാവിന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതികളാണ് പിടിയിലായ മൂന്ന് പേരും.

ഗുണ്ടാ ആക്രമണം നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയിൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണിയാപുരം കരിച്ചാറ കടവിന് സമീപം ആൾവാസമില്ലാത്തിടത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയതെന്ന് കഠിനംകുളം പോലീസ് സർക്കിൻ ഇൻസ്പെക്ടർ സാജു ആൻറണി പറഞ്ഞു. പിടിയിലായ മൂന്ന് പേർക്കും കഴക്കൂട്ടം, തുമ്പ, പേട്ട, അയിരൂർ , കഠിനംകുളം, മംഗലപുരം ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്. പ്രതികളിൽ നിന്നും വടിവാൾ, വെട്ടുകത്തി, മഴു തുടങ്ങിയ മാരകായുധങ്ങൾ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ലിയോൺ ജോൺസൺ അടുത്ത ദിവസം തന്നെ മറ്റു ഗുണ്ടകളുമായി ആയുധങ്ങളുമായി ഒത്തുകൂടിയത് എന്തിനാണെന്നതിനെ കുറിച്ച് പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ കഠിനംകുളം സ്റ്റേഷനിൽ എത്തി പ്രതികളെ ചോദ്യം ചെയ്തു.

കഠിനംകുളം സിഐ സാജു ആൻ്റണി, എസ് ഐ ഷിജു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരായ സജിൻ, ഹാഷിം, രാജേഷ്, ബാദുഷ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Share This Post
Exit mobile version