Press Club Vartha

ആദായനികുതി പരിധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ഡൽഹി: ആദായനികുതി പരിധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദായനികുതിയില്‍ നിന്നും ഏഴു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ഒഴിവാക്കി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു.

നിലവിൽ അഞ്ചെണ്ണമാണ് നികുതി സ്ലാബുകള്‍. മൂന്നു ലക്ഷം വരെ നികുതി നല്‍കേണ്ടതില്ല. 5 ശതമാനമാണ് 3 മുതല്‍ 6 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഈടാക്കുക. 6 മുതല്‍ 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും, 9 മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും, 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും, 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമായിരിക്കും നികുതി.

അതോടൊപ്പം ഇ-കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 7000 കോടി അനുവദിച്ചതായി ധനമന്ത്രി തന്റെ ബഡ്‌ജറ്റിൽ പ്രഖാപിച്ചു. ഇനി മുതൽ പാന്‍ കാർഡ് തിരിച്ചറിയൽ കാർഡുകളായി സ്വീകരക്കും. കൂടാതെ കെ.വൈ.സി ലളിതവത്കരിക്കും. 3 വർഷത്തിനകം 1 കോടി കർഷകർക്ക് കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും. 10,000 ബയോ ഇന്‍പുട് റിസോഴ്‌സ് സെന്‍ററുകള്‍ രാജ്യത്താകെ തുടങ്ങും.

കൂടുതല്‍ മേഖലകളില്‍ നിലവില്‍ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കര്‍ സേവനം പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങള്‍ക്കായി ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകള്‍ സുരക്ഷിതമായി അതാത് സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്‍പ്പടെയുള്ള സൗകര്യം ഒരുക്കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

5ജി സേവനം വ്യാപകരമാക്കും. 5ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. പുതിയ അവസരങ്ങൾ, ബിസിനസ്സ് മോഡലുകൾ, തൊഴിൽ സാധ്യതകൾ, ലാബുകൾ, സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രിസിഷൻ ഫാമിംഗ്, ഇന്‍റലിജന്‍റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് & ഹെൽത്ത്‌കെയർ തുടങ്ങിയ ആപ്പുകൾ ഇതിൽ ഉൾപ്പെടുന്നതാണ്.

രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോര്‍ ഇന്ത്യ’, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി 3 കേന്ദ്രങ്ങള്‍ സ്ഥാപിക്കും. 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളെജുകളിലായി 100 5ജി ലാബുകള്‍ക്ക് തുടക്കമിടും.

 

Share This Post
Exit mobile version