
കണ്ണൂർ: കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ചു. അപകടത്തിൽ ഗർഭിണിയടക്കം 2 പേർ വെന്തുമരിച്ചു. കുറ്റ്യാട്ടുർ സ്വദേശി റിഷ (26), ഇവരുടെ ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് വെന്തുമരിച്ചത്. പൂർണ്ണഗർഭിണിയുമായി ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് തൊട്ടുമുന്‍പായി കാർ കത്തുകയായിരുന്നു.
തീപടരാന്‍ കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. കാറിന്‍റെ പിന്‍ഭാഗത്തു നിന്നാണ് തീ പടർന്നത്. ഒരു കുട്ടിയടക്കം 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല.
കാറിന് തീപിടിച്ച് അൽപ്പസമയത്തിനുളളിൽ ഡ്രൈവർ പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന 4 പേർ രക്ഷപ്പെട്ടത്. എന്നാൽ മുൻ വശത്തെ ഡോർ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു.