Press Club Vartha

പോത്തൻകോട് നാലു ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നു; മോഷ്ടാവിന്റെ ദൃശ്യം പുറത്ത്

പോത്തൻകോട്: പോത്തൻകോടിനു സമീപത്തെ നാലു ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു. അരിയോട്ടുകോണം തമ്പുരാൻ ക്ഷേത്രം, പട്ടാരിയിൽ ശിവക്ഷേത്രം, ജയ്നഗർ മറുതാപ്പുര ദേവീക്ഷേത്രം, കൂനയിൽ ധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ ദൃശ്യം സി സി ടി വി യിൽ പതിഞ്ഞു. 50 വയസ്സിനു മുകളിൽ പ്രായമുള്ള ഒരാളുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. പ്രതിയെ പിടികൂടാനുള്ള ഊർജിത ശ്രമങ്ങൾ നടക്കുകയാണ്. കാണിക്ക വഞ്ചികളുടെ പിന്നിലെ പൂട്ട് തകർത്താണ് പണം അപഹരിച്ചത്. അരിയോട്ടുകോണം മുതൽ കാട്ടായിക്കോണം വരെയുള്ള റോഡിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളാണെല്ലാം.

രാത്രി രണ്ടുമണിക്ക് അരിയോട്ടുകോണം ജംഗ്ഷനിലെ കാണിക്കവഞ്ചി തകർക്കുന്ന ദൃശ്യമാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്.പ്രതി ആയുധവുമായി പോയി പൂട്ടു തകർക്കുന്ന ദൃശ്യം ഇതിൽ വ്യക്തമാണ്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പോത്തൻകോട് പോലീസ് പറഞ്ഞു.

അയിരുപ്പാറ ഫാർമേഴ്സ് ബാങ്ക് ഹെഡ് ഓഫിസിന് എതിർവശത്തെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള കൊഴ്ത്തൂർക്കോണം സെന്റ് ജോസഫ് ദേവാലയത്തിന്റെ കീഴിലുള്ള ഉണ്ണി ഈശോ ദേവാലയത്തിൽ മോഷണം നടന്നത് അഞ്ചു ദിവസം മുമ്പാണ് . ചർച്ചിലെ പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്ന 20 ഗ്രാം സ്വർണവും കാണിക്കവഞ്ചികൾ കുത്തിതുറന്ന് പണവും കവർന്നു.

പോത്തൻകോട് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തു നടന്ന ഈ മോഷണത്തിന്റെ അന്വേഷണവും എങ്ങുമെത്തിയില്ല. പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന മോഷണങ്ങൾ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മുമ്പ് ഉണ്ടായിരുന്ന രാത്രിയിലെ പൊലീസ് പട്രോളിംഗ് പുനരാരംഭിക്കണമെന്ന് ആളുകൾ ആവശ്യപെട്ടു. എന്നാൽ ആവശ്യത്തിന് വാഹനവും പോലീസുകാരുമില്ലാത്ത സ്റ്റേഷൻ എന്ന അവസ്ഥയിലാണ് പോത്തൻകോട്. കുറ്റകൃത്യങ്ങൾ വർദ്ധിക്കാൻ ഇതു കാരണമാകുകയും ചെയ്യും.

Share This Post
Exit mobile version