Press Club Vartha

മൊബൈൽ മോഷ്ടിച്ച കള്ളനെ പിടികൂടി യുവതി

മംഗലപുരം :മൊബൈൽ ഫോൺ മോഷ്ടിച്ച കളളനെ സഹസികമായി പിടികൂടി യുവതി. പത്ത് ദിവസത്തിന് ശേഷമാണ് ഫോണിന്റെ ഉടമയായ യുവതി കള്ളനെ പിടികൂടി പോലീസിൽ ഏല്പിച്ചത്. മംഗലപുരത്താണ് സംഭവം നടന്നത്. ഈ മാസം എട്ടിനാണ് മംഗലപുരം ജങ്ഷനിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്‌റ്റോറിലെ ജീവനക്കാരിയായ ബഹിജയുടെ മൊബൈൽ ഫോൺ പ്രതി മോഷ്ടിച്ചത്. മരുന്ന് വാങ്ങാനെന്ന വ്യാജനെ എത്തിയ ഇയാൾ 12000 രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. കൈതമുക്ക് പാൽക്കുളങ്ങര സ്വദേശി അമീർ(44)നെയാണ് മംഗലപുരം പോലീസ് അറസ്റ്റു ചെയ്തത്.

മോഷണം നടന്ന അന്ന് തന്നെ ബഹിജ മംഗലപുരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കടയിൽ സ്ഥാപിച്ച സി.സി.ടി.വി.ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അമീർ മൊബൈൽ മോഷ്ടിക്കുന്നത് കണ്ടത്. തുടർന്ന് ഈ ദ്യശ്യവും പ്രതി വാങ്ങാൻ വന്ന മരുന്നിന്റെ പേരും പരിസരത്തുള്ള മറ്റു മെഡിക്കൽ സ്‌റ്റോറിലുള്ളവർക്ക് ബഹിജ കൈമാറിയിരുന്നു.

അങ്ങനെയാണ് ഇന്നലെ മറ്റൊരു മെഡിക്കൽ സ്‌റ്റോറിൽ മരുന്നു വാങ്ങാനെത്തിയപ്പോൾ മെഡിക്കൽ സ്റ്റോർ ജീവനക്കാർ ബഹിജയെ വിവരം അറിയിക്കുകയും തുടർന്ന് ബഹിജ മംഗലപുരം പോലീസ്റ്റേഷനിൽ വിവരം കൈമാറുകയും പോലീസിനെ കൂട്ടി പ്രതിയുടെ അടുക്കൽ എത്തുകയും ചെയ്തതോടെയാണ് അമീർ പോലീസ് പിടിയിലായത്. പിന്നീട് സിസിടിവി ദൃശ്യം നോക്കി പ്രതിയെ തിരിച്ചറിഞ്ഞു.

മോഷ്ടിച്ച ഫോൺ ആറ്റിങ്ങലിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് 3000 രൂപയ്ക് വിറ്റതായി പ്രതി പോലിസിനോട് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share This Post
Exit mobile version