തിരുവനന്തപുരം: ലൈഫ് മിഷൻ കോഴയിടപാടിൽ സഭയിൽ തർക്കം തുടരുന്നു. അടിയന്തര പ്രമേയത്തിന് മാത്യു കുഴൽനാടൻ എംഎൽഎ നോട്ടീസ് നൽകി. കൂടാതെ പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയുമൊന്നിച്ച് ക്ലിഫ് ഹൗസിൽ യോഗം ചേർന്നതായി സ്വപ്ന പറഞ്ഞെന്ന് സഭയിൽ അദ്ദേഹം ആരോപിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി കുഴൽനാടന്‍റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. ഇതോടെ സഭയിൽ പ്രതിപക്ഷ-ഭരണപക്ഷങ്ങൾ തമ്മിൽ ബഹളവും വാക് വാദവുമുണ്ടായി.
തന്‍റെ വാദം കള്ളമാണെന്ന് ഉറപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളതാണെന്നും കുഴൽനാടൻ പറഞ്ഞു. തെറ്റാണെന്ന് വിശ്വാസമുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
ഇതിനു മറുപടിയായി മുഖ്യമന്ത്രി മാത്യു ഏജൻസിയുടെ വക്കീൽ ആകുകയാണെന്ന് കുറ്റപ്പെടുത്തി. പിന്നാലെ ബഹളം നിയന്ത്രിക്കാതെ വന്നതോടെ സ്പീക്കർ സഭ അൽപ്പ സമയത്തേക്ക് നിർത്തിവച്ചു