
തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും പുരാതനവും കാവ്യാത്മകവുമായ ഭാഷയാണ് ലാറ്റിൻ. അതിവേഗം വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ഈ ഭാഷയുടെ ഉന്നതിയും പ്രചരണവും മുൻ നിർത്തി സീനേ മോറ എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിയ്ക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ പുത്തൻതോപ്പ് എന്ന കടലോര ഗ്രാമത്തിലാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചിരിയ്ക്കുന്നത്. ഈ മാർച്ച് 4 ന് 1:30 ഓടു കൂടിയാണ് ആഘോഷ പരിപാടികൾക്കു തുടക്കമാവുക.
ഇതിനോടനുബന്ധിച്ചു നടത്തുന്ന ലാറ്റിൻ ഭാഷാ മത്സരങ്ങളിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും സന്യസ്ത സ്ഥാപനങ്ങളിൽ നിന്നുമുള്ള വൻ പ്രാതിനിധ്യമുണ്ടാകും. ക്വിസ് മത്സരത്തിലും സംഘഗാന മത്സരത്തിലുമായി ഇരുപതിലധികം ടീമുകൾ പങ്കെടുക്കും. ആർച്ബിഷപ്പ് എമറിറ്റസ് സൂസൈപാക്യം, കൊല്ലം ബിഷപ്പ് എമിററ്റസ് സ്റ്റാൻലി റോമൻ എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റ് മത്സരങ്ങളും മുൻ തിരുവനന്തപുരം വികാർ ജനറൽ മാർക്ക് നേറ്റോ മുൻ ലാറ്റിൻ അധ്യാപകൻ പി.എൽ ജോസി എന്നിവരുടെ മെമ്മോറിയൽ മത്സരങ്ങളും നടക്കും. തുടർന്ന് ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. സൂസപാക്യം എം-ന്റെ മുഖ്യ കാർമികത്വത്തിൽ ലാറ്റിൻ ഭാഷ ദിവ്യബലി വൈകുന്നേരം 5.30 ന് നടക്കും. കൊല്ലം ബിഷപ്പ് എമിററ്റസ് സ്റ്റാൻലി റോമൻ മുഖ്യ സന്ദേശം നൽകും.
വൈകുന്നേരം 7 മണി മുതൽ വിഖ്യാത സംഗീത സംവീധായകൻ ജെറി അമൽദേവിന്റെ നേതൃത്വത്തിലുള്ള ലാറ്റിൻ & മലയാളം സംഗീത പരിപാടിയോടുകൂടി ലാറ്റിൻ ഭാഷാദിനാഘോഷത്തിന് സമാപനമാകും.